പ്രവാസി സമൂഹത്തെ ചേര്‍ത്ത് പിടിക്കുന്ന കേരള സര്‍ക്കാര്‍ നിലപാട് പ്രശംസനീയം: കേരള പ്രവാസി സംഘം

Wayanad

കോട്ടത്തറ: പ്രവാസി സമൂഹത്തെ ചേര്‍ത്ത് പിടിക്കുന്ന കേരള സര്‍ക്കാരിന്റെ നിലപാട് പ്രശംസനീയമാണെന്ന് കേരള പ്രവാസി സംഘം കോട്ടത്തറ ഏരിയ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. പ്രവാസി പുനരധിവാസത്തില്‍ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മികച്ച മാതൃകയാണെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ (എം) കോട്ടത്തറ ഏരിയ സെക്രട്ടറി എം മധു പറഞ്ഞു. രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ മുഖ്യപങ്ക് പ്രവാസികളുടേതാണെന്ന് പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുണ്‍ മാണി പറഞ്ഞു. സമഗ്ര കുടിയേറ്റ നിയമനിര്‍മ്മാണത്തില്‍ അടക്കം പ്രവാസികളുടെ വിവിധ വിഷയത്തില്‍ സംഘടന തുടര്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അലി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പ്രവാസി പി കോയാമുവിനെ ജില്ലാ പ്രസിഡന്റ് കെ കെ നാണു ആദരിച്ചു. സി കെ ഷംസുദ്ദീന്‍, സലീം കൂരിയാടന്‍, സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ മനോജ് ബാബു സ്വാഗതവും, അഷ്‌റഫ് മുണ്ടക്കുറ്റി നന്ദിയും പറഞ്ഞു. ഏരിയ ഭാരവാഹികളായി സുരേഷ് കുമാര്‍ (പ്രസിഡന്റ്), കെ ടി അലി (സെക്രട്ടറി), അഷ്‌റഫ് മുണ്ടക്കുറ്റി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.