തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് കലാപമാണെന്നും എസ് എഫ് ഐയുടെ ഗവര്‍ണര്‍ക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം യുവതലമുറയെ വഴി തെറ്റിക്കുന്നതിന്റെ ഭാഗമാണ് സര്‍വകലാശാലയിലെ കാവിവല്‍ക്കരണം. പാഠ്യപദ്ധതികളില്‍ വര്‍ഗീയവല്‍ക്കരണം നടത്തുന്നു. ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഭ്രാന്ത് പിടിച്ച നിലപാടാണ് ഗവര്‍ണറുടേത്. ഇതിനെതിരെയെല്ലാമാണ് എസ് എഫ് ഐ പ്രതിഷേധം നടത്തുന്നത്. ഇത് തികച്ചും ജനാധിപത്യപരമാണെന്നും ഇ പി ജയരാജന് പറഞ്ഞു.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ക്വട്ടേഷന്‍ സംഘത്തെ വാടകയ്ക്ക് എടുത്ത് കരിങ്കൊടിയുമായി മുഖ്യമന്ത്രിക്ക് നേരെ അയക്കുകയാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ സംരക്ഷിക്കും. ഇതിന് എണ്ണിയെണ്ണി കണക്ക് തീര്‍ക്കാന്‍ വരുമ്പോള്‍ തിരിച്ചടിക്കാന്‍ മറുഭാഗം ഉണ്ടാവും എന്ന് സതീശന് ഓര്‍ക്കണമെന്നാണ് പ്രതിപക്ഷ നേതാവിനോട് പറയാനുള്ളതെന്നും ഇ പി ജയരാജന് പറഞ്ഞു.