കരിപ്പൂർ: മൂല്യവർദ്ധിതവും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വിപണനത്തിന് തയ്യാറാക്കാനാവണമെന്നും മൂല്യബോധമുള്ള ലാഭകൊതി തീണ്ടാത്ത വ്യാപാര മേഖലകൾക്ക് പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാനാകുമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച നടന്ന ബിസിനസ്സ് കോൺക്ലേവ് അഭിപ്രായപ്പെട്ടു.
മതമൂല്യങ്ങൾ മതത്തിൽ മാത്രം മതിയെന്നും വ്യാപാര രംഗത്ത് ഈ മൂല്യബോധം ആവശ്യമില്ലെന്നുമുള്ള നിലപാട് നിലനിൽക്കുന്നുണ്ട്. മതം വേറെ ബിസിനസ്സ് വേറെ എന്ന രീതിയാണത്.
ഇല്ലാത്ത മൂല്യങ്ങൾ പറഞ്ഞ് സംരഭകത്വവും സാമ്പത്തിക സമാഹരണവും നടത്തരുത്. ഉത്പന്നങ്ങൾ ഗുണമേന്മയുള്ളതാകുമ്പോൾ സ്ഥാപനങ്ങൾക്ക് മേന്മയും സുസ്ഥിരതയുമുണ്ടാകും. വാഗ്ദാനങ്ങൾ അത്തരത്തിലാകണം.
തൊഴിൽ ദാതാവും തൊഴിലാളിയും നല്ല സമീപനത്തിലായിരിക്കണം. ഗുണഭോക്താക്കളെ ആകർഷിക്കുന്ന വിധത്തിലായിരിക്കണം തൊഴിൽ ദാതാവിൻ്റെയും തൊഴിലാളികളുടേയും സമീപനവും ഇടപെടലും. ഇവർ തമ്മിൽ തൊഴിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കാനും കഴിവതും ശ്രദ്ധിക്കണം.
സ്വയം പര്യാപ്തത മാത്രമാകാതെ മറ്റുള്ളവരും സ്വയംപര്യാപ്തരാകണമെന്ന ചിന്ത ആവശ്യമാണ്. അത്തരത്തിൽ തത്പരരായവരെ വ്യാപാര മേഖലയിലേക്ക് കൊണ്ടുവരാൻ മുന്നോട്ട് വരണം.
ഇസ്ലാമിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി മുന്നോട്ടു പോയാൽ പ്രതിസന്ധികളെ തരണം ചെയ്യാനാകും. ഇസ്ലാമിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകാതിരിക്കുകയും ലാഭം കൊതിക്കുകയും ചെയ്യുമ്പോൾ പലിശ നൽകേണ്ട സാമ്പത്തിക സമാഹരണത്തിലെത്തിപ്പെടും.
ഉപഭോക്താവ് ഉൽപ്പന്നങ്ങളുടെ ഗുണമേന്മ മറെറാരു ഗുണഭോക്താവിലേക്ക് ഗുണമേന്മയെ കുറിച്ച് അഭിപ്രായം കൈമാറുമ്പോൾ ഉപഭോക്താക്കളെ ആകർഷിക്കാനും ഉൽപ്പാദന വർദ്ധനവിന്നും വിപണിക്കും വേഗം കൂട്ടാനുമുള്ള സാദ്ധ്യതയേറും. ചെലവില്ലാത്ത ഒരു പരസ്യവുമാണ്.
സ്വപ്ന സമാനമായ വാഗ്ദാനങ്ങൾ നൽകി മണിച്ചെയിൻ രീതിയിൽ സാമ്പത്തിക സമാഹരണം നടത്തി തകർന്നു പോകുന്നവരുണ്ട്. അത്തരത്തിലാവാതിരിക്കാൻ ശ്രദ്ധിക്കണം.
വ്യാപാര മേഖലയിൽ സഹായി നിന്ന് നല്ല പാഠങ്ങൾ പഠിച്ച് താത്പര്യമുള്ള മേഖലകളിൽ ചെറിയ തോതിൽ തുടങ്ങി വലുതിലേക്കെത്തിച്ചേരാൻ സഹായകമാകണം.