അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതല: യു ഡി എഫ് പരാതി നല്‍കി

Kerala

വടകര: വിദ്വേഷ പ്രചാരണത്തിന് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയമിച്ചതിന് എതിരെ പരാതി. മീഞ്ചന്ത ആര്‍ട്‌സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ അബ്ദുല്‍ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യു ഡി എഫ് വടകര പാര്‍ലമെന്റ് മണ്ഡലം സോഷ്യല്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ വി.പി ദുല്‍ഖിഫില്‍ പരാതി നല്‍കിയിരുന്നു. ഇതടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന് എതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് ചുമതലയ്ക്കായി വിനിയോഗിച്ചതിന് എതിരെയാണ് ദുല്‍ഖിഫില്‍ പുതിയ പരാതി നല്‍കിയത്.

റിയാസ് കെ. എന്ന വ്യക്തി റിയാന്‍ എന്ന എഫ്ബി അക്കൗണ്ടില്‍ നിന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചും പോസ്റ്റ് ഇട്ടത്. നിലവില്‍ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രിസൈഡിങ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിയമിച്ചത് നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ദോഷകരമായി ബാധിക്കും എന്നതിനാല്‍ തെരഞ്ഞെടുപ്പു ചുമതയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് കലക്റ്റര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.