എം.ടി. യുടെ നോവൽ ‘കാലം’ ചർച്ച ചെയ്തു

Kozhikode

കോഴിക്കോട് : “ഒതുക്ക് കല്ലിൽ അന്തിത്തിരി കൊളുത്തി വച്ചു. പകലിൻ്റെ അവസാനത്തെ മങ്ങിയ വെളിച്ചത്തിൽ പാതി മറന്ന ഒരു ദുഖം പോലെ അത് വിളറി നിന്നു.” ഇത്രമനോഹരമായി ചെരാതും സന്ധ്യയും കഥാസന്ദർഭത്തോട് വിളക്കിചേർക്കാൻ എം.ടി. കാണിച്ച പുതുഭാഷ ചർച്ച ചെയ്തു കൊണ്ട് ‘കാല ‘ത്തിലൂടെ ആസ്വാദകർ കടന്നുപോയി. കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതി 2024-25 ൻ്റെ ഭാഗമായി കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി ഗ്രന്ഥാലയം സംഘടിപ്പിച്ച ചർച്ചയിൽ വിഷയം അവതരിപ്പിച്ചു കൊണ്ട് ദർശനം ഓൺലൈൻ വായനാമുറി അഡ്മിനും പ്രഭാഷകനുമായ രാജപ്പൻ എസ്.നായർ പഠനം അവതരിപ്പിച്ചു.

പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം, ദേശപോഷിണി പബ്ലിക് ലൈബ്രറിയിലെ പി.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകനും ദർശനം ശാസ്ത്ര വേദി കൺവീനറുമായ എൻ. ഡി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് എഴുത്തുകാരി കെ. വരദേശ്വരി ടീച്ചർ, കവി മോഹനൻ പുതിയോട്ടിൽ, സ്നേഹകുടുംബശ്രീയിലെ പ്രസന്ന നമ്പ്യാർ, സാമൂഹ്യ പ്രവർത്തകൻ സി.എച്ച്.സജീവ് കുമാർ എന്നിവർ സംസാരിച്ചു. വരദേശ്വരി ടീച്ചർ സ്വന്തം രചനകൾ ദർശനം ഗ്രന്ഥശാലയ്ക്ക് കൈമാറി. ഗ്രന്ഥശാല സെക്രട്ടറി ടി.കെ. സുനിൽ കുമാർ സ്വാഗതവും ബാബു നമ്പ്യാലത്ത് നന്ദിയും പറഞ്ഞു.