നേട്ടങ്ങളുടെ നിറവിൽ ഈ സർക്കാർ വിദ്യാലയം; അന്തർ ജില്ലാ ഫുട്‌ബോൾ കിരീടം നേടിയ കക്കാട് ജി.എൽ.പി സ്‌കൂൾ ടീമിനെ ആദരിച്ചു

Kozhikode

മുക്കം: തുടർച്ചയായി രണ്ടാം തവണയും അന്തർ ജില്ലാ ഫുട്‌ബോൾ കിരീടം നേടിയ കക്കാട് ജി.എൽ.പി സ്‌കൂൾ ടീമിനെ സ്‌കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. അനുമോദന ചടങ്ങ് വാർഡ് മെമ്പർ എടത്തിൽ ആമിന ഉദ്ഘാടനം ചെയ്തു. വ്യവസായ സംരഭകനും റസാസ് ഫുഡ് പ്രൊഡക്ട് മാനേജിംഗ് ഡയരക്ടറുമായ റസാഖ് കൊടിയത്തൂർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ടീം അംഗങ്ങൾക്കുള്ള മുക്കം വിക്ടറി ഏജൻസീസിന്റെ ഉപഹാരം അൻഷിദ ഫാൻസി ഉടമ കെ.സി കാസിം സമ്മാനിച്ചു.

സ്‌കൂൾ കുട്ടികൾക്കുള്ള മധുരം ടി ഉമർ സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫിന് കൈമാറി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു.

ആഹ്ലാദപ്രകടനത്തിന് അധ്യാപകരായ ജി ഷംസു മാസ്റ്റർ, ഷാക്കിർ പാലിയിൽ, പി.ടി വിജില, ഇ.പി ഫർസാന, ഗീതു ദാസ്, പി ഫസീല, റജുല, ഹൻഫ സി.എ, ഷിൽന പർവീൺ, ഷീബ, വിപിന്യ, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ റഷാദ് മാളിയേക്കൽ, ടി.ടി റിയാസ്, ഷബ്‌ന എടക്കണ്ടിയിൽ, ഷാഹിന തോട്ടത്തിൽ, സ്‌കൂൾ ലീഡർ നാബിഹ് അമീൻ കെ.സി, ഡെപ്യൂട്ടി ലീഡർ ഷാദിയ എം തുടങ്ങിയവർ നേതൃത്വം നൽകി.

ഈ അക്കാദമിക് വർഷത്തെ സ്‌കൂളിനുള്ള രണ്ടാമത്തെ ഫുട്‌ബോൾ കിരീടമാണിത്. എണ്ണായിരം രൂപ പ്രൈസ് മണിക്കായി ലഹരിക്കെതിരെ മംഗലശ്ശേരി ഗ്രൗണ്ടിൽ നടന്ന മുക്കം ഉപജില്ലാ തല ഫുട്‌ബോളിൽ സ്‌കൂൾ ടീം റണ്ണേഴ്‌സായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ സ്മരണാർത്ഥം കുമാരനെല്ലൂർ സ്‌കൂൾ നടത്തിയ ഉപജില്ലാ തല ക്വിസ് മത്സരത്തിലും കക്കാട് ടീമിനായിരുന്നു കിരീടം. കൂടാതെ കായിക മേളകൾ, കലോത്സവങ്ങൾ, പ്രവൃത്തി പരിചയമേള, ഗണിത-ശാസ്ത്ര മേളകൾ, പഞ്ചായത്ത്-ഉപജില്ല-കന്ദമംഗലം ബി.ആർ.സി തലങ്ങളിൽ നടന്ന വിവിധ മത്സരങ്ങളിലും മിന്നുന്ന നേട്ടം കാഴ്ചവെക്കാൻ സ്‌കൂളിനും കുട്ടികൾക്കും സാധിച്ചിരുന്നു.

കേരളത്തിലെ ഒരു സർക്കാർ, സ്വകാര്യ വിദ്യാലയത്തിലും ഇല്ലാത്തത്ര എൻഡോവ്‌മെന്റുകളാണ് സ്‌കൂളിൽ വർഷം തോറും നൽകിവരുന്നത്. മൂന്നുവർഷമായി പ്രത്യേക പരീക്ഷയുടെയും ജൂറിയുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിലെ വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികൾക്കായി ആയിരം രൂപ വീതം അരലക്ഷത്തിലേറെ രൂപയുടെ എൻഡോവ്‌മെന്റ് സമർപ്പണവും എല്ലാ വർഷവും സ്‌കൂൾ വാർഷികത്തിൽ വിതരണം ചെയ്തുവരുന്നു. കുട്ടികളിൽ ശുചിത്വശീലം വളർത്തുന്നതിനായി ഏറ്റവും മികച്ച ക്ലാസായി തെരഞ്ഞെടുക്കപ്പെടുന്ന ക്ലാസിലെ മുഴുവൻ കുട്ടികൾക്കുമായി അയ്യായിരം രൂപയുടെ സൗജന്യ പഠനോപകരണങ്ങളും സമ്മാനിച്ചുവരുന്നു.

25000 രൂപയുടെ പ്രൈസ് മണിയൊരുക്കി സ്‌കൂൾ പി.ടി.എ പ്രീപ്രൈമറി കുട്ടികളെയും എൽ.പി വിഭാഗം കുട്ടികളെയും പങ്കെടുപ്പിച്ച് ഈയിടെ സ്‌കൂളിൽ നടത്തിയ മൈലാഞ്ചി മൊഞ്ച് എന്ന ഒപ്പന ഫെസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുസ്തകവണ്ടി, പാട്ടുവണ്ടി, പരിസ്ഥിതി ഫീൽഡ് ട്രിപ്പ, പഠനയാത്രകൾ തുടങ്ങി വൈവിധ്യമാർന്നതും വ്യത്യസ്തങ്ങളുമായ വിവിധ പരിപാടികളും സ്‌കൂളിൽ നടക്കുകയുണ്ടായി.

മികച്ച അക്കാദമിക് നിലവാരം പുലർത്തുന്ന സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി ഉയർത്താനാണ് സ്‌കൂൾ പി.ടി.എയും നാട്ടുകാരും ശ്രമിക്കുന്നത്. സൗജന്യ ഉച്ചഭക്ഷണത്തിനും യൂണിഫോമിനും പാഠപുസ്തകങ്ങൾക്കും പുറമെ, എല്ലാ ദിവസവും രാവിലെ 11.30-ഓടെ കുട്ടികൾക്ക് പോഷകസമൃദ്ധമായ കുറിയരിക്കഞ്ഞിയും സ്‌കൂളിൽ സ്ഥിരമായി നൽകിവരുന്നുണ്ട്.

ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിൽ തീർത്തും സൗജന്യമാണ് സ്‌കൂളിലെ പ്രവേശനം. പ്രീപ്രൈമറി ക്ലാസുകളിലും പ്രവേശനം സൗജന്യമാണ്. പ്രീ പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസുകളിലേക്ക് നേരത്തെ അഡ്മിഷൻ പൂർത്തിയാക്കിയ കുട്ടികൾക്ക് പി.ടി.എ വക സൗജന്യമായി റെയിൻ കോട്ടും നൽകുന്നുണ്ട്.

കക്കാട് കണ്ടോളിപ്പാറയിൽ സ്‌കൂളിനായി വിലകൊടുത്തു വാങ്ങിയ 22 സെന്റ് സ്ഥലത്ത് ഉയരുന്ന അതിമനോഹരമായ ഹൈടെക് കെട്ടിടത്തിന്റെ ആദ്യ ഘട്ടം ഇതിനകം പൂർത്തിയായിട്ടുണ്ട്. തിരുവമ്പാടി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഇതിനകം ഒരു കോടി 34 ലക്ഷം രൂപ ചെലഴിച്ച് പണിത മനോഹരമായ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ്. ഇനി അടുത്ത ഘട്ട ഫണ്ടിനുള്ള കാത്തിരിപ്പിനൊപ്പം പ്രീപ്രൈമറി കുട്ടികൾക്കായി ഇതിനകം ലഭിച്ച വർണക്കൂടാരം ഫണ്ട് ഉപയോഗപ്പെടുത്തി ക്ലാസ് റൂമിന് അകത്തും പുറത്തും മനോഹരമായ നിർമിതി ഒരുക്കാനുള്ള ശ്രമങ്ങൾ അണിയറിയിൽ പുരോഗമിക്കുകയാണ്. ഭിന്നശേഷി-ഹരിത സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തി, മെട്രോ ട്രെയിൻ മാതൃകയിലാണ് പ്രീ പ്രൈമറി കുട്ടികൾക്കായി സ്‌കൂളിൽ വർണക്കൂടാരത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.