കേരളത്തിൽ ലിബറൽ ഫാഷിസം പിടി മുറക്കുന്നു: വിസ്ഡം

Kozhikode

കോഴിക്കോട് : രാജ്യത്തിൻ്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും, ജനാധിപത്യാവകാശങ്ങളെയും മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് വിസ്ഡം യൂത്ത് ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ധൈഷണിക സംവാദം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി പൊതു വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന നീക്കങ്ങൾ അപലപനീയമാണ്. സമൂഹം വലിയ പരിഗണന നൽകുന്ന വിദ്യാഭ്യാസ മേഖലയിൽ വരുന്ന പരിഷ്ക്കാരങ്ങളും, നിർദ്ദേശങ്ങളും പൊതു സമൂഹത്തിൻ്റെ അഭിപ്രായപ്രകടനത്തിന് വിധേയമാകുന്നതിൽ ഭരണകൂടം അസ്വസ്ഥരാകേണ്ടതില്ലെന്ന് പ്രമേയം തുടർന്നു. അഭിപ്രായ സ്വാതന്ത്യത്തിനെതിരെ സർക്കാർ വേട്ടയാടൽ അവസാനിപ്പിക്കണം

പൊതു വിദ്യാലയങ്ങളിൽ ഏകപക്ഷീയമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സുംബ ഡാൻസിനെതിരെ അഭിപ്രായം രേഖപ്പെടുത്തിയ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ ചട്ടത്തിനെതിരായി നടപടി സ്വീകരിക്കാൻ സ്കൂൾ മാനേജരോട് ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണ്.

വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന പരിഷ്ക്കരണങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നതും ചർച്ചകൾ കൊണ്ടുവരുന്നതും സാധാരണമാണ്. പൊതു സമൂഹം ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുക എന്നത് ഉത്തരവാദിത്തപ്പെട്ടവരുടെ ബാധ്യതയാണ്. അധികാരം കൊണ്ട് ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ വായടപ്പിക്കുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണ്.

അച്ചടക്ക നടപടിക്കു മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുക എന്ന പ്രാഥമിക കാര്യം പോലും പാലിക്കാതെ 24 മണിക്കൂറിനകം സസ്പൻഡ് ചെയ്ത് റിപ്പോർട്ട് ചെയ്യാൻ സ്കൂൾ മാനേജരോട് ആവശ്യപ്പെട്ട വകുപ്പിൻ്റെ നടപടി അസഹിഷ്ണുതയുടെ ആഴമാണ് വ്യക്തമാക്കുന്നത്

വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതു മേഖലയിൽ വരുത്തുന്ന പരിഷ്ക്കാരങ്ങളും, നിർദ്ദേശങ്ങളും സോഷ്യൽ ഓഡിറ്റിംഗിനും, ചർച്ചക്കും വിധേയമാക്കേണ്ടതാണ്, അല്ലാത്തപക്ഷം അനാവശ്യ ചർച്ചകൾക്കും, വിവാദങ്ങൾക്കും വഴിവെക്കുമെന്നും സംഗമം വ്യക്തമാക്കി.

ലഹരി ഉപയോഗത്തിനും അരാജക ജീവിതത്തിനും ആശയ അടിത്തറ പാകുന്ന ലിബറലിസ്റ്റ് വക്താക്കളുടെ അജണ്ടകളിലേക്ക് സാംസ്കാരിക കേരളത്തെ നയിക്കാനും പൊതു വിദ്യാലയങ്ങളെ പോലും ദുരുപയോഗം ചെയ്ത് പുതുതലമുറയെ സാംസ്കാരിക അധഃപതനത്തിലേക്ക് നയിക്കുന്നതുമായ ഒട്ടനവധി നീക്കങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി മനുഷ്യരാശിയെ അപകടത്തിലാക്കുന്നതും അത്യന്തം മാനവിക വിരുദ്ധവുമായ ‘ജെൻഡർ സാമൂഹ്യ നിർമിതി’യാണെന്ന ആശയം പാഠപുസ്തകങ്ങളിൽ വരെ ഇന്ന് ഇടംപിടിച്ചിരിക്കുകയാണ്.

ഈ ശ്രമങ്ങളുടെ ഭാഗമായി ജെൻഡർ ന്യൂട്രൽ ഡ്രസ്കോഡ് കൊണ്ടുവരാനുള്ള ആദ്യ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നപ്പോൾ, അടിച്ചേൽപ്പിക്കില്ലെന്നും ഇഷ്ടമുള്ളവർക്കാകാമെന്നും പറഞ്ഞ് സർക്കാർ പിൻവാങ്ങി. ഇതൊരു സിസ്റ്റത്തിന്റെ ഭാഗമായി മാറിയാൽ ക്രമേണ ആ സംസ്കാരത്തിലേക്ക് കുട്ടികൾ എത്തുമെന്ന് അവർക്കുറപ്പുണ്ടായിരുന്നു.

പുതു തലമുറ നിയന്ത്രണമില്ലാത്ത ആഘോഷത്വരയിലേക്കും (Celebration Culture) അതുവഴി നൈമിഷിക ആനന്ദം (Instant Gratification) ലഭിക്കുന്ന കാര്യങ്ങളോടുള്ള അമിതാസക്തിയിലൂടെ ലഹരിയിലേക്കും, വിചിത്രമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലേക്കും വളരെ വേഗത്തിലാണ് എത്തിയത്. ഡി.ജെ പാർട്ടികളും വിദ്യാർഥികൾക്കിടയിലെ അവിഹിത ബന്ധങ്ങളും വർധിച്ചു. വിവാഹവും കുടുംബ സംവിധാനവും ചോദ്യം ചെയ്യപ്പെട്ടു. ലിവിംഗ് ടുഗതർ നോർമലൈസ് ചെയ്തു. പത്താം ക്ലാസ് കഴിഞ്ഞ് സെന്റ് ഓഫ് ദിനത്തിൽ യൂണിഫോമുകൾ വലിച്ച് കീറിയെറിയുകയും ലഹരി ഉപയോഗിച്ച് ചേരിതിരിഞ്ഞ് അടികൂടുകയും ചെയ്യുന്ന എത്രയോ ദൃശ്യങ്ങൾ നമ്മൾ കണ്ടു. താമരശ്ശേരിയിൽ ഒരു കുട്ടി കൊല്ലപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന പ്രതികരണങ്ങൾ നാം കണ്ടു. പത്ത് വർഷം പഠനം പൂർത്തിയാക്കിയിറങ്ങുന്ന നമ്മുടെ മക്കളെ പോലീസ് കാവലിൽ രക്ഷിതാക്കൾ നേരിട്ട് വന്ന് കൂട്ടിക്കൊണ്ടു പോകേണ്ട സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. വിദ്യാഭ്യാസം മാനവ സംസ്കരണത്തിന് എന്ന ലക്ഷ്യം ഇവിടെ അട്ടിമറിയുകയാണ്.

ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. ‘എന്റെ ശരീരം എന്റെ അവകാശം’, നിഹിലിസം, YOLO തുടങ്ങിയ ലിബറലിസ്റ്റ് ആശയങ്ങൾ കുട്ടികളെ വിഴുങ്ങിയതാണ് ഇതിനെല്ലാം കാരണം. കൂടാതെ സ്വവർഗരതി, പീഡോഫീലിയ, ഇൻസെസ്റ്റ്, ശവരതി, മൃഗരതി തുടങ്ങിയവക്ക്‌ വരെ അവകാശം ഉന്നയിക്കുകയും, MDMA, കഞ്ചാവ് പോലുള്ള മാരക ലഹരികൾ ലീഗലൈസ് ചെയ്യണമെന്ന് വാദിക്കുകയും അത് നിസംഗരായി കേട്ടുനിൽക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ സാംസ്കാരിക പരിസരം മാറി.

‘ജെൻഡർ സാമൂഹ്യ നിർമ്മിതിയാണ്’ എന്ന ആശയം ലൈംഗിക അരാജകത്വങ്ങൾക്കുള്ള ഒരു തുറന്ന വാതിലാണ്. ഈ ആശയം കുത്തി നിറച്ച പാഠ്യപദ്ധതി ചട്ടക്കൂടാണ് ആദ്യം ചർച്ചക്ക് വന്നത്. അത് ജനകീയ ചർച്ചക്ക് വിധേയമായപ്പോൾ ഉയർന്ന വിമർശനങ്ങൾ കാരണം, ചില വാക്കുകൾ പ്രത്യക്ഷത്തിൽ പിൻവലിഞ്ഞെങ്കിലും അതിന്റെ വേരുകൾ അവിടെത്തന്നെയുണ്ട്. ജനകീയ ചർച്ചകളിൽ ജനങ്ങൾ ഉന്നയിച്ച പ്രധാന ആശങ്കകൾ കണക്കിലെടുത്തതേയില്ല.

ഇപ്പോഴിതാ പൊതുവിദ്യാലയങ്ങളിൽ സൂംബാ ഡാൻസ് നിർദേശിച്ചിരിക്കുന്നു. ഇത് ശേഷിക്കുന്ന കുട്ടികളെക്കൂടി ലഹരി കൈമാറ്റത്തിന്റെയും ഉപയോഗത്തിന്റെയും പ്രാഥമിക സ്രോതസ്സുകളായ ഡി.ജെ പാർട്ടിയിലേക്ക് എത്തിക്കുന്നതിലാണ് അവസാനിക്കുക എന്ന് നിസ്സംശയം പറയാം. കാര്യങ്ങളുടെ ഗൗരവം ആഴത്തിൽ മനസ്സിലാക്കാത്തവർ ഇതിനെ പുരോഗമനമായി കാണുന്നുണ്ട്.

ഈ വിഷയത്തെ പൊതു വിദ്യാലയങ്ങളിൽ കൊണ്ടുവരുന്നത് ധാർമ്മിക സദാചാര മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന വലിയൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിൽ നിന്ന് അകറ്റാൻ ഇടയാക്കുമെന്നാണ് ടി.കെ അഷറഫ് ഉയർത്തിയ ആശങ്ക. ഇതിനെതിരെയാണ് നടപടി വന്നിരിക്കുന്നത്. സമൂഹത്തെ നേർവഴി നടത്താൻ നിയോഗിതരായ, പ്രതികരണബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ മനസ്സിലാക്കാനാവൂ.

മുഖ്യധാരയിലുള്ള ഒരു സംഘടനയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയിൽ, ജനാധിപത്യപരമായി ഈ വിമർശനം ഉന്നയിച്ചപ്പോൾ തന്നെ, മന്ത്രിയടക്കമുള്ളവരിൽ നിന്നുള്ള പരിഹാസങ്ങളും ഒറ്റപ്പെടുത്തിയുള്ള വേട്ടയാടലുകളും നാം കണ്ടതാണ്. ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതും, പൊതുവിദ്യാലയങ്ങളെ ഗ്രസിക്കുന്നതുമായ ഈ കൾച്ചറൽ ഫാസിസത്തിനെതിരെ ജാതി-മത-ഭേദമന്യേ നാം ശബ്ദിച്ചില്ലെങ്കിൽ ഇത് നാളെ നമ്മുടെ മക്കളെയും തേടിവരും. ഇത് അടുത്ത തലമുറക്ക് വേണ്ടിയുള്ള പോരാട്ടമാണ്. നമ്മുടെ നാടിന്റെ ധാർമിക സംസ്കാരവും മൂല്യബോധവും നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്ന എല്ലാവർക്കുമൊപ്പം ചേർന്നുനിന്ന് ഈ ആശയ പോരാട്ടത്തിൽ വിജയം വരിക്കുന്നത് വരെ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മുന്നോട്ട് പോകും. നന്മയുള്ള മുഴുവൻ ആളുകളുടെയും പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ് പി എൻ അബ്ദുല്ലത്തീഫ് മദനി ധൈഷണിക സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് Dr ബഷീർ വി. പി അധ്യക്ഷ്യം വഹിച്ചു. വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക്ക് സലഫി, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീൽ മഞ്ചേരി, വിസ്ഡം സ്റ്റുഡൻ്റ്സ് വൈസ് പ്രസിഡൻ്റുമാരായ Dr അബ്ദുള്ള ബാസിൽ, സ്വഫ് വാൻ ബറാമി അൽ ഹിക്കമി, വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷംജാസ് കെ അബ്ബാസ് എന്നിവർ സംസാരിച്ചു.