സിംബാബ്‌വെയിലെ ‘ഹരാരെ ഹുറിക്കന്‍സ്’ ക്രിക്കറ്റ് ടീമിനെ ഏറ്റെടുത്ത് സഞ്ജയ് ദത്തും സോഹന്‍ റോയിയും

Sports

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കൊച്ചി: സിംബാബ്‌വെയില്‍ വരുന്ന ജൂലൈ ഇരുപതിന് ആരംഭിക്കുന്ന ലോകപ്രശസ്തമായ ‘സിം ആഫ്രോ ടി ടെന്‍ ‘ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പ്രമുഖ ടീമായ ‘ഹരാരെ ഹുറിക്കന്‍സി’നെ സ്വന്തമാക്കി, ഇതിഹാസമായി മാറിയ പ്രമുഖ ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി ഇ ഒയുമായ സര്‍ സോഹന്‍ റോയിയും. ജൂലൈ ഇരുപതിന് സമാരംഭിക്കുന്ന ‘സിം ആഫ്രോ T- 10 ടൂര്‍ണമെന്റ്’ ജൂലൈ അവസാനവാരം സമാപിക്കും. ജൂലൈ ഇരുപത്തി ഒന്‍പതിനാണ് ഫൈനല്‍.

ഇന്ത്യയിലും ഒരുപാട് ആരാധകരുള്ള ടി ടെന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഒരു ടീമിന്റെ ഉടമസ്ഥനാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത് പറഞ്ഞു. ‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മതം പോലെയാണ് ക്രിക്കറ്റ്. അതേപോലെതന്നെ ഒരു മുന്‍നിര ആഗോള കായിക വിനോദം കൂടിയാണ് അത്. അതുകൊണ്ടുതന്നെ അത് ലോകം മുഴുവന്‍ പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്വം ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ കൂടി എനിക്കുണ്ട്. സിംബാബ്‌വെയും ക്രിക്കറ്റിനെ ഒരുപാട് സ്‌നേഹിക്കുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെ ഈ ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം ‘സഞ്ജയ് ദത്ത് പറഞ്ഞു.

ഈ ടൂര്‍ണമെന്റില്‍ സഞ്ജയ് ദത്തുമായി സഹകരിയ്ക്കുവാനും ‘ഹരാരെ ഹുറിക്കന്‍സ്’ എന്ന ടീമില്‍ അദ്ദേഹത്തിനൊപ്പം ഉടമസ്ഥാവകാശം പങ്കിടാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സോഹന്‍ റോയിയും അഭിപ്രായപ്പെട്ടു.’ സിം ആഫ്രോ T-10 ടൂര്‍ണമെന്റിന്റെ ഭാഗമാവാനും സഞ്ജയ് ദത്തിനൊപ്പം ഈ ടീമിന്റെ ഉടമസ്ഥാവകാശം പങ്കിടാനും സാധിച്ചതില്‍ അഭിമാനിക്കുന്നു. ഈ T-10 ഗെയിം ഫോര്‍മാറ്റ് കുറഞ്ഞ സമയം കൊണ്ട് കാഴ്ചക്കാരില്‍ കൂടുതല്‍ ആവേശം നിറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഏറെ പുതുമയും വെല്ലുവിളികളും ഇതിലുണ്ട്. ക്രിക്കറ്റിനെ ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ ഈ ഒരു ഫോര്‍മാറ്റിന് സാധിക്കും എന്ന് വിശ്വസിക്കുന്നു. ഈ ടൂര്‍ണമെന്റിലെ ഒരു മികച്ച ടീം തന്നെയാണ് ‘ഹരാരെ ഹുറിക്കന്‍സ്’. അവര്‍ വിജയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് ‘അദ്ദേഹം പറഞ്ഞു.

ഹരാരെ ഹുറിക്കന്‍സിനൊപ്പം, ഈ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന നാല് ടീമുകള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ഡര്‍ബന്‍ ഖലന്ദര്‍സ്, കേപ് ടൗണ്‍ സാംപ് ആര്‍മി, ബുലവായോ ബ്രേവ്‌സ്, ജോബര്‍ഗ് ലയണ്‍സ് എന്നിവയാണ് അവ. യു എ ഇയിലെ T- 10 ഗ്ലോബല്‍ സ്‌പോര്‍ട്‌സ് ആണ് ‘ ടി ടെന്‍ ‘ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. കഴിഞ്ഞ സീസണുകളില്‍ ഷാര്‍ജയിലും ശ്രീലങ്കയിലും സമാനമായ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ T – 10 ഗ്ലോബല്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിച്ചിരുന്നു.