ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചിച്ചു

Kozhikode

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം ഏറെ വേദനപ്പിക്കുന്നതാണ്. ലാളിത്യത്തിന്റെയും ജനകീയതയുടെയും പ്രതീകമായിരുന്നു അദേഹം. സംസ്ഥാനത്തിന്റെ പുരോഗതിക്കായി നിരന്തരം അധ്വാനിച്ച ഊര്‍ജ്ജസ്വലനായിരുന്നു ഉമ്മന്‍ ചാണ്ടി. അദ്ദേഹവുമായി എനിക്ക് ദീര്‍ഘകാലത്തെ ഗാഢബന്ധമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി രാഷ്ട്രീയ നേതാവെന്ന നിലയിലും ഭരണകര്‍ത്താവ് എന്ന നിലയിലും അദ്ദേഹം അങ്ങേയറ്റം സഹകരിച്ചു. എന്റെ കേരള യാത്ര, മര്‍കസ് നോളജ് സിറ്റി ശിലാസ്ഥാപനം, മര്‍കസ് സമ്മേളനം തുടങ്ങിയ അനേകം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും സഹകരണവും എടുത്തുപറയേണ്ടതാണ്. മത ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസസാമൂഹിക പുരോഗതിക്കുതകുന്ന പദ്ധതികളും ആവശ്യങ്ങളും ഞങ്ങള്‍ ഉന്നയിക്കുമ്പോള്‍ അദ്ദേഹം ഗൗരവപൂര്‍വ്വം കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്തു.

ഇപ്പോള്‍ മലേഷ്യയിലായതിനാല്‍ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ച് നേരിട്ട് അനുശോചനം അറിയിക്കാന്‍ സാധിക്കാതെ വരുന്നു. ആദരണീയനായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ഹ്യദയപൂര്‍വ്വം അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ കുടുബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.