ബ്ലഡ് ഡോണേഴ്‌സ് ആര്‍മിയുമായി അസംപ്ഷന്‍ യു പി സ്‌കൂള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: രക്തദാന സന്ദേശം പ്രചരിപ്പിക്കുക ലക്ഷ്യമിട്ട് അസംപ്ഷന്‍ യു പി സ്‌ക്കൂളിന്റെ നേതൃത്വത്തില്‍ ബ്ലഡ് ഡോണേഴ്‌സ് ആര്‍മി രൂപീകരിച്ചു. രക്തദാനത്തിന് തയ്യാറുള്ള രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തിയാണ് ഡോണേഴ്‌സ് ആര്‍മിക്ക് തുടക്കമിട്ടിരിക്കുന്നത്. ദായകരുടെ ബ്ലഡ് ഗ്രൂപ്പും പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടുന്ന കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കി നഗരത്തിലെ ആശുപത്രികളിലും പൊതുസ്ഥാപനങ്ങളിലും നല്‍കും. സ്‌ക്കൂളിന്റെ വെബ് സൈറ്റിലും വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.

ആര്‍മി അംഗങ്ങളില്‍ നിന്ന് രക്തം ശേഖരിച്ച് നല്‍കുന്നതിനായി മാസം തോറും വിദ്യാലയത്തില്‍ രക്ത ദാന ക്യാമ്പും സംഘടിപ്പിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപകരിക്കാനായി വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന രക്ത ഗ്രൂപ്പ് ഡയറക്ടറിയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. കുട്ടികളുടെ ബ്ലഡ് ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും ഇതിനോടനുബന്ധിച്ച് നടത്തും. പ്രവര്‍ത്തനങ്ങള്‍ക്ക് ഹെഡ് മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്ബ്,പി റ്റി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, കോര്‍ഡിനേറ്റര്‍മാരായ ടിന്റു മാത്യു, അനു പി സണ്ണി, സി ജെ ബിജോയ്, ബിജി വര്‍ഗീസ്, ബീന മാത്യു, വിദ്യാര്‍ത്ഥികളായ മുഹമ്മദ് അദ്‌നാന്‍, കെ എസ് ശിവാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.