കോഴിക്കോട്: കോളെജുകളിലെ വിവിധ സ്‌കോളര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശം പ്രിന്‍സിപ്പല്‍മാര്‍ക്ക് പ്രയാസമാകുന്നതായി പരാതി. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ മാനദണ്ഡം അനുസരിച്ച് ആണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. ഇത് പരിശോധിച്ച് അര്‍ഹരായവര്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന രീതിയാണ് കഴിഞ്ഞ വര്‍ഷം വരെ. എന്നാല്‍ ഈ അധ്യയന വര്‍ഷം പ്രിന്‍സിപ്പലിന്റെയും നോഡല്‍ ഓഫീസറുടെയും വിദ്യാര്‍ത്ഥികളുടെയും ബയോ മെട്രിക് ഓതന്റിക്കേഷന്‍ ഇതിനായി നിര്‍ബന്ധമാക്കി. ഇതിനോടകം സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കടക്കം ഇത് വലിയ തലവേദനയായിരിക്കയാണ്. സ്‌കോളര്‍ഷിപ്പ് വിഭാഗത്തിന്റെ ഈ നിര്‍ദ്ദേശം അനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പ്രിന്‍സിപ്പല്‍മാരും നോഡല്‍ ഓഫീസര്‍മാരും വിവിധ സ്ഥലങ്ങളില്‍ ബയോമെട്രിക്ക് ഓതന്റിക്കേഷന് ഹാജരായി ദിവസം മുഴുവനും കാത്തിരിക്കുകയാണ്.
എന്നാല്‍ പലപ്പോഴും സാങ്കേതികത്വത്തിന്റെ പേരില്‍ കാര്യങ്ങള്‍ ശരിയാകാതെ മടങ്ങുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ബി എഡ് ട്രെയിനിംഗ് കോളേജിലെ അടക്കം ഹാജരായ പ്രിന്‍സിപ്പല്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും ഓതന്റിഫിക്കേഷന്‍ സാധ്യമാകാതെ മടങ്ങേണ്ടി വന്നു. ആധാര്‍ പുതുക്കിയില്ലെന്ന കാരണം പറഞ്ഞ് കഴിഞ്ഞവര്‍ഷം വരെ കൃത്യമായി സ്‌കോളര്‍ഷിപ്പ് ലഭ്യമായി കൊണ്ടിരുന്ന കോളേജുകള്‍ക്കുപോലും ഈ ഗതികേട് ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ വിദ്യര്‍ഥികളെയും പ്രിന്‍സിപ്പല്‍മാരെയും അകാരണമായി ബുദ്ധിമുട്ടിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്‌കോളര്‍ഷിപ്പ് വിഭാഗത്തിന്റെ നടപടിയില്‍ പ്രിന്‍സിപ്പള്‍മാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.
കോളെജുകളില്‍ പരീക്ഷയും ക്ലാസുകളും പ്രവേശനവും നടക്കുന്ന സാഹചര്യത്തില്‍ അനാവശ്യമായി പ്രിന്‍സിപ്പള്‍മാരെ കോളജില്‍ നിന്നും വിട്ടു നിര്‍ത്താന്‍ കാരണമാകുന്ന ഈ നടപടിയില്‍ പ്രിന്‍സിപ്പള്‍മാരുടെ സംഘടനയായ കേരള കാത്തലിക് സെല്‍ഫ് ഫിനാന്‍സിങ് കോളെജ് പ്രിന്‍സിപ്പല്‍ അസോസിയേഷന്‍ അടക്കം പ്രിന്‍സിപ്പള്‍മാരുടെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്‌കോളര്‍ഷിപ്പ് വിഭാഗത്തെ അറിയിച്ചെങ്കിലും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. അതിനിടെ വിവരം അറിഞ്ഞ് സ്‌കോളര്‍പ്പിപ്പ് വകുപ്പ് ഇന്ന് വിഷയത്തില്‍ ഉന്നതയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്നറിയുന്നു.