എ വി ഫര്‍ദിസ്
കോഴിക്കോട്: വിവാഹ ദിനത്തില്‍ വിവാഹ പന്തലില്‍ കല്യാണത്തിനെത്തിയവരെ അമ്പരപ്പിച്ചുകൊണ്ടൊരു പുസ്തക പ്രകാശനം. പുസ്തകമെഴുതിയത് വധു. പ്രകാശനത്തിനുവേദിയൊരുക്കി വരനും ബന്ധുക്കളും.
നാദാപുരം കല്ലാച്ചിയിലെ തറവട്ടത്ത് അസീദിന്റെയും തോടന്നൂര്‍ ആയിരോണ്ടതില്‍ കുഞ്ഞമ്മദിന്റെ മകള്‍ ഷമീന ഷിഹാബിന്റെയും വിവാഹപ്പന്തലിലാണ് വധു ഷമീന ഷിഹാബിന്റെ രണ്ടാമത്തെ പുസ്തകം പ്രകാശിതമായത്.
ഷമീനയുടെ പ്രഥമ പുസ്തകം ഒറ്റയ്ക്ക് മരിച്ച പുഴ നേരത്തെ പുറത്തിറങ്ങിയിരുന്നു. കോവിഡ് കാലത്ത് അര്‍ബുദരോഗിയായ ഭര്‍ത്താവിന്റെ ജീവനുവേണ്ടി ആതുരാലയങ്ങളില്‍ കയറിയിറങ്ങുകയായിരുന്നു ഷമീന. എന്നിട്ടും വിധി തുണച്ചില്ല. 25-ാം വയസ്സില്‍ വിധവയായി. രണ്ടു പിഞ്ചുകുഞ്ഞുങ്ങളേയും കൊണ്ട് പകച്ചുനിന്നില്ല. അടച്ചിടലിന്റെ വല്ലാത്ത കാലത്തെയും അതിജീവനത്തിനുള്ള വഴിയാക്കിമാറ്റി. അതില്‍ പിന്നെയാണവള്‍ തുടര്‍ന്ന് പഠിച്ചത്. വീണ്ടും എഴുതിത്തുടങ്ങിയത്. ജീവനുള്ള വാക്കുകള്‍കൊണ്ട് കവിത തുന്നിയത്. പ്രിയതമന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് അക്ഷര ശില്‍പം പണിതത്.
ആ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ പുസ്തകമിപ്പോള്‍ നാലാം പതിപ്പിലെത്തി. ഇന്ന് നാദാപുരം സലഫി പബ്ലിക് സ്‌കൂളിലെ അധ്യാപിക കൂടിയാണ് ഷമീന. അതിജീവനത്തിന്റെ നേരനുഭവങ്ങളും കവിതകളുമായിരുന്നു ഒറ്റയ്ക്ക് മരിച്ച പുഴയെങ്കില്‍ മാന്ത്രിക വിരലുകളുള്ള പെണ്‍കുട്ടി എന്ന രണ്ടാം പുസ്തകം കുട്ടികള്‍ക്കുള്ള നോവലാണ്. രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ പേരക്ക ബുക്‌സാണ്.
ഷമീനയുടെയും അസീദിന്റെയും രണ്ടാമത് വിവാഹമാണ്. ഇരുവര്‍ക്കും ആദ്യ വിവാഹത്തില്‍ രണ്ടുമക്കളുണ്ട്. അസീദിന്റെ വീട്ടില്‍ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷമീനയുടെയും അസീദിന്റെയും മക്കളായ മുഹമ്മദ് കെയ്ന്‍ അന്ദേഷ്, അബ്ദുല്‍ വഹാബ് ജഹാന്‍സബ്, ഷെല്ല ശിഹാബ്, ഷെസ ഷിഹാബ് എന്നിവര്‍ ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. പേരക്ക ബുക്‌സ് മാനേജിംഗ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ പുസ്തകം പരിചയം നടത്തി. ഷൗക്കത്ത് തോടന്നൂര്‍, ഷഫീഖ് തോടന്നൂര്‍, ഷജീര്‍ സി എച്ച്, സമീര്‍ മൂന്നാംകുനി, ടി വി കെ ഇബ്രാഹിം, ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.