ലഹരി വ്യാപനത്തിനെതിരെ ഭീമ ഹര്‍ജിയുമായി കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി

Alappuzha

ആലപ്പുഴ: കേരളത്തില്‍ വര്‍ധിച്ചു വരുന്ന മദ്യ, ലഹരി വ്യാപനത്തിനെതിരെ ഭീമ ഹര്‍ജിയും ജനകീയ ഒപ്പുശേഖരണവുമായി മദ്യ വിരുദ്ധ ജനകീയ മുന്നണി ആലപ്പുഴ ജില്ലാ കമ്മിറ്റി. ഒരു നിയന്ത്രണവുമില്ലാതെ ദൈനം ദിനം വര്‍ധിച്ചു വരുന്ന മദ്യ ലഹരി വ്യാപനം നാടിന്റെ നന്മയെ തകര്‍ക്കുകയും എല്ലാം കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുകയുമാണ്.

ഓണഘോഷത്തില്‍ 750 കോടി രൂപയുടെ വില്പന നടത്തി, ഉത്രാട നാളില്‍ 116 കോടിയും അവിട്ടം നാളില്‍ 100 കോടിയുടെയും വില്‍പ്പന നടത്തി എന്ന് ആഘോഷിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് മദ്യവിരുദ്ധ മുന്നണി നേതാക്കള്‍ ആരോപിച്ചു. ജനകീയ കൂട്ടായ്മയിലൂടെ ഒപ്പ് ശേഖരണം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. സെപ്റ്റംബര്‍ 3 മുതല്‍ ഒക്ടോബര്‍ 3 വരെ ഒരുമാസം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ ആലപ്പുഴ ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചു.

ഒപ്പ് ശേഖരണ ഉദ്ഘാടനം തുമ്പോളി ജംഗ്ഷനില്‍ നടന്നു. അനുബന്ധമായി നടന്ന വിശദീകരണ യോഗം മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയര്‍മാന്‍ എ. പി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈ. ചെയര്‍മാന്‍ എന്‍. ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യ പ്രഭാഷണം അഡ്വ. ഒ. ഹാരിസ് നിര്‍വഹിച്ചു. എല്‍. വി. എം. എസ്. ജില്ലാ പ്രസിഡന്റ് പി. എം. ബാബു, ഉമ്മച്ചന്‍ ചക്കുപുരക്കല്‍, കെ. എ. വിനോദ്, ജോസി പനക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കോഡിനേറ്റര്‍ കെ. ജെ. ഷീല സ്വാഗതവും ജില്ലാ കണ്‍വീനര്‍ പി. എ. ലോറന്‍സ് നന്ദിയും രേഖപ്പെടുത്തി.