പെണ്‍മക്കളെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കി

Crime

കോട്ടയം: പെണ്‍മക്കളെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കി. പാലായ്ക്കടുത്ത് രാമപുരത്താണ് മൂന്നു പെണ്‍മക്കളെ കഴുത്തറുത്തതിന് പിന്നാലെ പിതാവ് തൂങ്ങി മരിച്ചത്. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് ഈ ക്രൂര കൃത്യം ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ജോമോന്റെ മക്കളായ അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ അനാമികയുടെ നില അതീവ ഗുരുതരമാണ്. ജോമോന്റെ ഭാര്യ നേരത്തെ മക്കളെയും ഉപേക്ഷിച്ച് പോയിരുന്നു. ഇതിന് ശേഷം മൂന്ന് പെണ്‍മക്കളേയും ജോമോനാണ് വളര്‍ത്തുന്നത്. പെട്ടന്നുള്ള പ്രകോപനത്തിനും ഇത്തരമൊരു ക്രൂരകൃത്യത്തിനും ജോമോനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. ഒന്നര വര്‍ഷം മുമ്പാണ് കുട്ടികളുടെ അമ്മ അവരേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് പോയത്.