കേരള മുസ്ലിംകള്‍ നൂറ്റാണ്ടിന്‍റെ ചരിത്രത്തിന് അവാര്‍ഡ്

Kozhikode

കോഴിക്കോട്: കാഞ്ഞങ്ങാട്ടെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി പി കുഞ്ഞബ്ദുല്ലയുടെ പേരിലുള്ള കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡിന് വചനം ബുക്‌സ് പ്രസിദ്ധീകരിച്ച 1921-2021 കേരള മുസ്ലിംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം എന്ന ഗ്രന്ഥം അര്‍ഹമായി. 2022 ല്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച ഇസ്ലാമിക സാഹിത്യത്തിനാണ് കാല്‍ ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരമെന്നു ജൂറിമാരായ അഹമദ് ശരീഫ് പി, വി പി മുഹമ്മദലി മാസ്റ്റര്‍, മായിന്‍കുട്ടി അണ്ടത്തോട് എന്നിവര്‍ പ്രഖ്യാപിച്ചു.

മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച ഇസ്ലാമിക ഗ്രന്ഥത്തിനു അബുദാബി റൈറ്റേഴ്‌സ് ഫോറമാണ് ആദ്യമായി അവാര്‍ഡ് നല്‍കിത്തുടങ്ങിയത്. ശൈഖ് മുഹമ്മദ് കാരകുന്ന്,എന്‍ വി അബ്ദുസ്സലാം,എഞ്ചിനീയര്‍ എസ് വി ഉസ്മാന്‍,പി ടി അബ്ദുറഹ്മാന്‍, മുഹമ്മദ് കുട്ടി എളമ്പിലാക്കോട്, കെ കെ മുഹമ്മദ് മദനി, ഇബ്രാഹിം ബേവിഞ്ച തുടങ്ങിയ പതിനൊന്നു പേര്‍ക്കാണ് നേരത്തെ അവാര്‍ഡ് ലഭിച്ചിരുന്നത്. പ്രശസ്ത പത്രപ്രവര്‍ത്തകനും ലേഖകനും റൈറ്റേഴ്‌സ് ഫോറം മുന്‍ പ്രസിഡണ്ടുമായിരുന്ന പി പി കുഞ്ഞബ്ദുല്ലയുടെ പേരില്‍ രൂപീകൃതമായ പി പി കള്‍ച്ചറല്‍ സെന്റര്‍ അബുദാബി റൈറ്റേഴ്‌സ് ഫോറം അവര്‍ഡിന് പി പി കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ് എന്ന പുനര്‍ നാമം നല്കുകയാണ് ചെയ്തത്.പി പി യുടെ പേരില്‍ നല്‍കപ്പെടുന്ന പ്രഥമ പുരസ്‌കാരമാണ് വചനം ബുക്‌സിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിച്ച കേരള മുസ്ലിംകളുടെ ഒരു നൂറ്റാണ്ടിന്റെ ചരിത്രം കേവലം ചടങ്ങിനു വേണ്ടിയുള്ള വെറുമൊരു വീണ്ടെടുപ്പല്ല. മഹത്തായ ഒരു ചരിത്രനിര്‍വ്വഹണമാണ്.

അതിനു പിന്നിലെ പഠനവും മനനവും അത്യദ്ധ്വാനവും കണക്കിലെടുത്താണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നതെന്ന് ജൂറി വ്യക്തമാക്കി.ക്ലേശകരവും അതേസമയം അഭിമാനകരവുമായ ഭൂതത്തില്‍ നിന്നും വര്‍ത്തമാന കാലത്തേക്ക് ഉയര്‍ത്തിപ്പിടിച്ച വെട്ടിവിളങ്ങുന്ന മനോഹരമായ ദര്‍പ്പണമാണ് ഈ ഗ്രന്ഥം. ഇത്തരം ശ്രമങ്ങള്‍ എപ്പോഴും അംഗീകരിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. ഇങ്ങനെയൊരു മഹദ്കര്‍മ്മത്തിന് വചനം ബുക്‌സ് എല്ലാവിധ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു.

എം ജി എസ് നാരായണന്‍ ചെയര്‍മാനും കെ ഇ എന്‍ ചീഫ് എഡിറ്ററുമായ ഗ്രന്ഥം നാട്ടിലും മറുനാട്ടിലും ഏറെ ശ്രദ്ധിക്കപെടുകയുണ്ടായി. അടുത്ത മാസം കാഞ്ഞങ്ങാട് നടക്കുന്ന പ്രത്യേക പരിപാടിയില്‍ അവാര്‍ഡ് ദാനം നടത്തുമെന്ന് പി പി കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികളായ വി പി കെ അബ്ദുല്ല, എന്‍ജിനീയര്‍ അബ്ദുറഹിമാന്‍, ഉസ്മാന്‍ കരപ്പാത്ത്, മായിന്‍ കുട്ടി അണ്ടത്തോട്, ജലീല്‍ രാമന്തളി എന്നിവര്‍ അറിയിച്ചു.