മുട്ടില്‍: സമൂഹത്തിന്റെ ഭദ്രത ഉറപ്പുവരുത്തുന്നതില്‍ ഭാഷ സാഹിത്യ സാംസ്‌കാരിക വിനിമയങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ടന്ന് മുട്ടില്‍ ഡബ്ല്യു എം ഒ കോളേജിലെ അറബി, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷാ വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന അന്തര്‍ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. ഭാഷകള്‍ തമ്മിലുള്ള കൈമാറ്റം ബഹുസ്വര സംസ്‌കാര നിര്‍മ്മിതിക്ക് വഴിവെച്ചുവെന്നും പരസ്പര ഭാഷകള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് സംസ്‌കാര നിര്‍മിതിയിലും അതിന്റെ വളര്‍ച്ചയിലും പങ്ക് വഹിച്ചെതെന്നും ‘ലാംഗ്‌കോണ്‍’ അന്തര്‍ദേശീയ ബഹുഭാഷാ സെമിനാര്‍ വിലയിരുത്തി. രണ്ട് ദിവസങ്ങളിലായി നടന്ന സെമിനാറില്‍ നാലു ഭാഷകളിലായി കേരളത്തിനകത്തും പുറത്തുമായുള്ള പ്രൊഫസര്‍മാരും ഗവേഷക വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 40 ല്‍ പരം വിഷയാവതരണങ്ങള്‍ നടന്നു.
സൗദി അറേബ്യയിലെ റിയാദ് പ്രിന്‍സ് സുല്‍ത്താന്‍ യൂണിവേഴ്‌സിറ്റിയിലെ ലാഗ്വേജ് ആന്റ് ട്രാന്‍സുലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദനാ അവാദ് സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഹിന്ദി വിഭാഗം മേധാവി ഡോക്ടര്‍ സി പി ഹേമലത അധ്യക്ഷത വഹിച്ചു. മൊകേരി ഗവണ്‍മെന്റ് കോളേജ് അറബിക് വിഭാഗം പ്രൊഫസര്‍ ഡോ. ലിയാകത്തലി മുഖ്യ പ്രഭാഷണം നടത്തി. കാലികറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഉമര്‍ ഒ തസ്‌നീം, പട്ടാമ്പി ഗവണ്‍മെന്റ് കോളേജ് മലയാളം വിഭാഗം പ്രൊഫസര്‍ ഡോ. ജമീല്‍ അഹമ്മദ്, പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടീന, എന്നിവര്‍ തീം പ്രസന്റേഷന് നേതൃത്വം നല്‍കി.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.പി മുഹമ്മദ് ഫരീദ്, ഐ.ക്യു.എസി കോഡിനേറ്റര്‍ ഡോ.ബിജു കെ. ജി, ലൈബ്രേറിയന്‍ കെ എം ആസിഫ്, മലയാള വിഭാഗം മേധാവി ഡോക്ടര്‍ ടി പി ശഫീഖ്, അറബിക് വിഭാഗം മേധാവി ഡോക്ടര്‍ പി നജ്മുദ്ദീന്‍ ,മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പി കെ ഷൈജു, എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം അസിസ്റ്റന്റ് കോഡിനേറ്റര്‍ നൗഫല്‍ മുനീര്‍ സ്വാഗതവും , ഹാസില്‍ കെ നന്ദിയും പറഞ്ഞു.