നിപ: ബേപ്പൂര്‍ ഹാര്‍ബറിലും പോര്‍ട്ടിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Kerala

കോഴക്കോട്: ചെറുവണ്ണൂരില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ബേപ്പൂര്‍ ഹാര്‍ബറിലും, ബേപ്പൂര്‍ പോര്‍ട്ടിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എ ഗീത ഉത്തരവിറക്കി.

ഫിഷ് ലാന്‍ഡിംഗ് സെന്ററുകളിലും ഹാര്‍ബറുകളിലും ദിവസേന ബേപ്പൂര്‍ വാര്‍ഡിനു പുറത്തുനിന്ന് നിരവധി പേര്‍ എത്തുന്നത് രോഗബാധ വരാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും കച്ചവടക്കാരും ലേലത്തില്‍ പങ്കെടുക്കുന്നവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിക്കുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരും.

ബേപ്പൂര്‍ ഹാര്‍ബറിലോ, ഫിഷ് ലാന്‍ഡിങ് സെന്ററുകളിലോ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ബോട്ടുകള്‍ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടുള്ളതല്ല. മത്സ്യബന്ധനത്തിന് പോയിട്ടുള്ള ബോട്ടുകളും വള്ളങ്ങളും വെള്ളയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാന്‍ഡിംഗ് സെന്ററിലോ അടുപ്പിക്കണം. ഇവിടെ മത്സ്യമിറക്കാവുന്നതും, ലേലത്തിനും കച്ചവടത്തിനും ഈ പറയുന്ന ഫിഷ് ലാന്‍ഡിങ് സെന്ററുകളിലെയും ഹാര്‍ബറുകളിലെയും സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതുമാണ്.

മത്സ്യ കച്ചവടത്തിനും മത്സ്യ ലേലത്തിനും ബേപ്പൂര്‍ ഹാര്‍ബറിലെ സൗകര്യങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. ഇവ പൂട്ടിയിടാന്‍ ആവശ്യമായ നടപടികള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡയറക്ടര്‍ എന്നിവര്‍ സ്വീകരിക്കും. ഇക്കാര്യങ്ങള്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ വി.എച്ച്.എഫ് അല്ലെങ്കില്‍ മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വഴി അറിയിക്കുവാന്‍ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കും.

ബേപ്പൂരില്‍ നിന്നുള്ള വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും, യാനങ്ങള്‍ക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള സൗകര്യങ്ങള്‍ വെള്ളയില്‍ ഫിഷ് ലാന്റിങ്ങ് സെന്ററിലും, പുതിയാപ്പ ഹാര്‍ബറിലും ഏര്‍പ്പെടുത്തും. നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കോസ്റ്റല്‍ പോലീസ് പോലീസിന്റെ സഹായവും ഉപയോഗപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു.