പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം; അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍ ‘അപചയത്തില്‍ നിന്നുള്ള രക്ഷപെടല്‍ ‘

Articles

അംബേദ്കറും ഇന്ത്യാ വിഭജനവും പരമ്പര 05

നിരീക്ഷണം / വി ആര്‍ അജിത്കുമാര്‍

(ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച വി ആര്‍ അജിത് കുമാര്‍ പ്രശസ്തനായ എഴുത്തുകാരനും ചിന്തകനുമാണ്. അദ്ദേഹം ഗഹനമായ പാരായണത്തിന് വിധേയമാക്കിയ ഗവേഷണ പ്രബന്ധമാണ് ബി ആര്‍ അംബേദ്കറുടെ ‘പാക്കിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം ‘ അജിത്കുമാറിന്റെ നിരീക്ഷണമാണ് ഈ പരമ്പര)

ലോര്‍ഡ് ആക്ടണ്‍ ഫ്രഞ്ച് വിപ്ലവത്തിന് മുന്നെ ഉള്ള യൂറോപ്പിനെ ഇങ്ങിനെ വിലയിരുത്തുന്നു. യൂറോപ്യന്‍ സംവിധാനത്തില്‍ ദേശീയത എന്ന അവകാശത്തെ സര്‍ക്കാരുകള്‍ അംഗീകരിച്ചിരുന്നില്ല. ഭരിക്കുന്നവരുടെ താത്പ്പര്യമല്ലാതെ നാടിന്റെ താത്പ്പര്യം ഒരിക്കലും അവര്‍ കണക്കിലെടുത്തിരുന്നില്ല. ദേശീയ സ്വാതന്ത്ര്യം എന്നതിനെ അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ ദേശബോധമുള്ള ജനത രാജ്യങ്ങളെ കീഴ്‌പ്പെടുത്തിയ വിദേശികള്‍ക്കെതിരെ തങ്ങളുടെ ഭരണാധികാരികള്‍ക്കായി പോരാടി. രാജ്യം തട്ടിയെടുത്തവരുടെ ഭരണം അവര്‍ അംഗീകരിച്ചില്ല. പിന്നീടവര്‍ സ്വന്തം ഭരണാധികാരിയുടെ തെറ്റുകള്‍ക്കെതിരെയും പോരാടി. അവരുടെ പരാതികള്‍ക്ക് വിലനല്‍കാത്ത നേതൃത്വത്തിനെതിരെ ആയിരുന്നു കലാപം. പിന്നീട് ഉണ്ടായ ഫ്രഞ്ചുവിപ്ലവം എല്ലാ വ്യവസ്ഥകളേയും മാറ്റിമറിച്ചു. അവനവന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് പ്രധാനമെന്നും അതിനായി പോരാടണമെന്നും അത് ലോകത്തെ പഠിപ്പിച്ചു. ഭൂതകാലവും വര്‍ത്തമാന കാലവും നിയന്ത്രിക്കാത്ത പരമാധികാരം എന്ന ആശയത്തെ പ്രഖ്യാപിക്കുകയായിരുന്നു ഫ്രഞ്ചുവിപ്ലവം ചെയ്തത്. പിന്നീട് വന്ന എല്ലാ സ്വതന്ത്ര ചിന്താഗതികളും ഇതിനെ ആശ്രയിച്ചായിരുന്നു. അതിര്‍ത്തികള്‍ക്കും ദേശങ്ങള്‍ക്കും അതീതമായ സ്വാതന്ത്ര്യമാണ് അത് പ്രഖ്യാപിച്ചത്.

ഒരു ദേശം പ്രത്യേകം രൂപപ്പെടുന്നതിന് അവിടത്തെ ജനതയുടെ പരാതികള്‍ വേണമെന്നില്ല, ആഗ്രഹം മാത്രം മതി. പരാതി വേണം എന്നുണ്ടെങ്കില്‍ ഭരണഘടന ന്യൂനപക്ഷത്തിനുള്ള സുരക്ഷ ഭൂരിപക്ഷ ഹിന്ദുവില്‍ നിന്നും ഉറപ്പാക്കുന്നില്ല എന്നതായിരുന്നു ആ പരാതി.ബ്രിട്ടനില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ മുസ്ലിം നേതാക്കള്‍ പതിനാല് പ്രശ്‌നങ്ങളാണ് അവതരിപ്പിച്ചത്. എന്നാല്‍ ഹിന്ദുനേതാക്കള്‍ എല്ലാറ്റിനും തടസ്സം ഉന്നയിച്ചു. അതോടെ ബ്രിട്ടന്‍ ഇടപെട്ട് മുസ്ലിം അനുകൂലതീരുമാനം എടുത്തു. ഇത് ഹിന്ദുനേതാക്കള്‍ക്ക് കല്ലുകടിയായെങ്കിലും കോണ്‍ഗ്രസ് ശത്രുതാപരമായ സമീപനം എടുത്തില്ല. ദേശവിരുദ്ധ നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടെങ്കിലും മുസ്ലീങ്ങളുടെ സഹകരണത്തോടെ ഇവ തിരുത്താം എന്നതായിരുന്നു അവരുടെ നിലപാട്. കേന്ദ്ര അസംബ്ലിയില്‍ ഇത് സംബ്ബന്ധിച്ച് പ്രമേയം വന്നപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചു. മുഹമ്മദന്‍സ് ഈ സമീപനത്തെ സൗഹാര്‍ദ്ദപരം എന്നു വിലയിരുത്തി.

ഹിന്ദു ഭൂരിപക്ഷ പ്രോവിന്‍സുകളില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയത് മുസ്ലിങ്ങളുടെ ശാന്തത കെടുത്താതിരുന്നതും ഇതുകൊണ്ടാണ്. കോണ്‍ഗ്രസില്‍ നിന്നും ഒന്നും ഭയക്കാനില്ലെന്നും ഭരണഘടന ഒന്നിച്ചിരുന്നു തയ്യാറാക്കാം എന്നും അവര്‍ കണക്കുകൂട്ടി. എന്നാല്‍ രണ്ടേകാല്‍ വര്‍ഷം ഹിന്ദു പ്രോവിന്‍സുകള്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ മുസ്ലിം നേതാക്കള്‍ നിരാശരായി. അവര്‍ കോണ്‍ഗ്രസിന്റെ ശത്രക്കളുമായി. 1939 ഡിസംബര്‍ 22 ലെ വിടുതല്‍ ദിനാഘോഷം അത് വ്യക്തമാക്കി. സ്വരാജ് എന്ന നിലപാടിനൊപ്പം നിന്ന ലീഗ് ചുവടുമാറ്റി. കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വേച്ഛാപരമായി മുസ്ലിങ്ങളെ അടിച്ചൊതുക്കി എന്നായിരുന്നു പരാതി. ലീഗിന്റെ പ്രധാന പരാതികള്‍ ഇവയായിരുന്നു. ലീഗിനെ മുസ്ലീങ്ങളുടെ ഏകബോഡിയായി അംഗീകരിച്ചില്ല. അഹ്‌റാറുകള്‍, ദേശീയ മുസ്ലിം, ജമായത്ത്ഉല്‍ഉലമ എന്നിവപോലെ ഒരു മുസ്ലിം ബോഡി എന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള പ്രോവിന്‍സുകളില്‍ കൂട്ടുമന്ത്രിസഭ രൂപീകരിക്കാനും കോണ്‍ഗ്രസ് തയ്യാറായില്ല. ഇത് മുസ്ലിം സമുദായത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണ് എന്ന് ലീഗ് മനസിലാക്കി.

ഹിന്ദു പ്രോവിന്‍സുകളില്‍ മുസ്ലിം മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിന് കോണ്‍ഗ്രസ് മുന്നോട്ടുവച്ച വാദം ഇങ്ങിനെയായിരുന്നു. മന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന മുസ്ലിം നേതാവ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേരണം. ഇത് നേരത്തെ ഉണ്ടാക്കിയ ധാരണയുടെ ലംഘനമായാണ് ലീഗ് കണ്ടത്. വട്ടമേശ സമ്മേളനത്തില്‍ പറഞ്ഞതിന് വിരുദ്ധമായിരുന്നു കോണ്‍ഗ്രസ് സമീപനം. കോണ്‍ഗ്രസ് നേതാക്കളുടെ വാക്ക് വിശ്വസിച്ച ലീഗ് ഈ തീരുമാനം ചട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കര്‍ക്കശ നിലപാട് എടുത്തിരുന്നില്ല.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ലീഗുമായി ചേര്‍ന്നു കൂട്ടുകക്ഷി ഭരണം തുടങ്ങുമെന്നും ലീഗ് പ്രതിനിധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് അവര്‍ കരുതിയിരുന്നത്. രാജ്യത്തെ ഏക രാഷ്ട്രീയ പാര്‍ട്ടിയായി മാറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഇത് തികഞ്ഞ വിശ്വാസവഞ്ചനയാണെന്നും ലീഗ് നേതാക്കള്‍ വിശ്വസിച്ചു. ഗവര്‍ണ്ണര്‍മാരില്‍ അധികവും കോണ്‍ഗ്രസുകാരായിരുന്നു. അവരും കൂട്ടുമന്ത്രിസഭയെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഓരോ മന്ത്രിമാരും അവരുടെ വകുപ്പുകള്‍ സ്വതന്ത്രമായാണ് കൈകാര്യം ചെയ്തത്. പ്രധാനമന്ത്രിയും മറ്റൊരു മന്ത്രി എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷമായ ഇടങ്ങളില്‍ കൂട്ടുമന്ത്രിസഭകളാണ് രൂപീകരിച്ചത്. ഈ ഇരട്ട സമീപനത്തെയാണ് ലീഗ് എതിര്‍ത്തത്.

ഹിന്ദു ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദു ഭരിക്കും, ന്യൂനപക്ഷങ്ങള്‍ അതിന് കീഴില്‍ ജീവിക്കണം എന്ന രീതിയെ ലീഗ് അംഗീകരിച്ചില്ല. ഭരിക്കുന്നവര്‍ നന്നായി ഭരിച്ചാല്‍ മറ്റുള്ളവര്‍ വിധേയപൗരന്മാരായിരിക്കണം എന്നു പറയുന്നത് ശരിയാണോ? ബ്രിട്ടീഷുകാര്‍ റോഡുകളും പാലങ്ങളുമുണ്ടാക്കി, റയില്‍വേ കൊണ്ടുവന്നു, അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചു, ആധുനിക ശാസ്ത്രം പ്രചരിപ്പിച്ചു,പഠിപ്പിച്ചു , പുതിയ വിദ്യാഭ്യാസ രീതി കൊണ്ടുവന്നു എന്നതിനാല്‍ ബ്രിട്ടീഷ് ഭരണം അംഗീകരിച്ച് വിധേയരായി ജീവിക്കണം എന്നു പറയുന്നതിന് തുല്യമല്ലെ ഇത്. കോണ്‍ഗ്രസിന്റെ ദയാദാക്ഷിണ്യമല്ല ,തുല്യതയാണ് ലീഗ് പ്രതീക്ഷിച്ചിരുന്നത്. ജീവിതം എന്നതും അഭിമാനമെന്നതും ശരീരത്തേക്കാള്‍ ഉയര്‍ന്ന ഒന്നാണ് എന്ന നിലപാടായിരുന്നു ലീഗിന്റേത്.

കോണ്‍ഗ്രസിനെ അംബദ്ക്കര്‍ വിലയിരുത്തുന്നത് ഒരു ഹിന്ദു സംഘടന എന്ന നിലയിലാണ്. അതിന്റെ ഘടന,ആശയങ്ങള്‍, പ്രതീക്ഷകള്‍ എന്നിവയിലെല്ലാം പ്രതിഫലിപ്പിച്ചിരുന്നതും ഇതുതന്നെയായിരുന്നു. കോണ്‍ഗ്രസും ഹിന്ദു മഹാസഭയും തമ്മിലുള്ള വ്യത്യാസം ഇത്രമാത്രം. ഹിന്ദുസഭ വാക്കില്‍ കാഠിന്യവും പ്രവര്‍ത്തിയില്‍ ക്രൂരതയും കാണിച്ചു. എന്നാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മര്യാദകള്‍ പാലിച്ചിരുന്നു എന്നുമാത്രം. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്നതാണ് അധികാരത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിലെ ദുരന്തം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ അതാണ് സംഭവിച്ചത്. നിരന്തര പ്രതിസന്ധികള്‍ നേരിട്ട മുസ്ലിങ്ങളുടെ അവസാന പിടിവള്ളിയായിരുന്നു അധികാരത്തിലെ പങ്കാളിത്തം.

മുസ്ലിം മേല്‍ക്കോയ്മയുണ്ടായിരുന്ന ഇന്ത്യയില്‍ അവരുടെ തകര്‍ച്ച തുടങ്ങുന്നത് ബ്രിട്ടന്റെ വരവോടെയാണ്. എക്‌സിക്യൂട്ടീവ്, അഡ്മിനിസ്‌ട്രേറ്റീവ്,ലീഗല്‍ മേഖലകളില്‍ ബ്രിട്ടന്‍ കൊണ്ടുവന്ന ഓരോ മാറ്റവും മുസ്ലിം സമുദായത്തിന് തിരിച്ചടിയായി. മുസ്ലിം ഭരണാധികാരികള്‍ സിവില്‍ കാര്യങ്ങളില്‍ ഹിന്ദുനിയമങ്ങള്‍ അനുവദിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ,ഹിന്ദു ക്രിമിനല്‍ നിയമം ഒഴിവാക്കി മുസ്ലിം നിയമം കൊണ്ടുവരുകയാണ് ചെയ്തത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ സ്വന്തം ക്രിമിനല്‍ നിയമം കൊണ്ടുവന്നു. അത് സാവധാനത്തില്‍ മെക്കാളെയുടെ പീനല്‍ കോഡ് ആയിമാറി. ഇതായിരുന്നു മുസ്ലിങ്ങള്‍ക്ക് കിട്ടിയ ആദ്യ അടി.

പിന്നീട് ശരിയത്തിനെ,അതായത് മുസ്ലിം സിവില്‍ നിയമത്തെ, സംഗ്രഹിച്ചു. ഈ നിയമം വ്യക്തിഗത വിഷയങ്ങളിലേക്ക് മാത്രമായി ഒതുക്കി. അതായത് വിവാഹം, പിന്‍തുടര്‍ച്ച എന്നിവയിലും ബ്രിട്ടീഷുകാര്‍ അനുവദിക്കുന്ന സന്ദര്‍ഭങ്ങളിലും എന്നതായി നിലപാട്. കോടതിയിലും പൊതുഭരണത്തിലും ഔദ്യോഗിക ഭാഷയായിരുന്ന പേര്‍ഷ്യന്‍ ഭാഷയെ 1837 ല്‍ ഒഴിവാക്കി ഇംഗ്ലീഷും പ്രാദേശിക ഭാഷകളും കൊണ്ടുവന്നു. മുസ്ലിം ഭരണകാലത്ത് ശരീയത്ത് നിയമം നടപ്പിലാക്കാനായി നിയമിച്ചിരുന്ന ക്വാസികളെ ഒഴിവാക്കി പകരം ലാ ഓഫീസര്‍മാരെയും ജഡ്ജിമാരെയും നിയമിച്ചു. അവര്‍ വിവിധ മതങ്ങളില്‍ നിന്നുള്ളവരായിരുന്നു. ശരീയത്ത് നിയമങ്ങള്‍ ഇവര്‍ വ്യാഖ്യാനിച്ച് വിധി പറയുന്ന അവസ്ഥയുണ്ടായി. ഇതെല്ലാം മുസ്ലിങ്ങളുടെ അന്തസിനേറ്റ ക്ഷതങ്ങളായിരുന്നു.

സിന്ധും ഔദും കൂട്ടിച്ചേര്‍ത്തതും തുടര്‍ന്നുണ്ടായ ലഹളയും മുസ്ലിങ്ങളെ കൂടുതല്‍ ദുര്‍ബ്ബലപ്പെടുത്തി. സമ്പന്ന മുസ്ലിങ്ങള്‍ ലഹളയ്ക്ക് പിന്തുണ നല്‍കി എന്ന മട്ടില്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ലഹളയുടെ തുടര്‍ച്ചയായി അഭിമാനവും സമ്പത്തും നഷ്ടമായ മുസ്ലിങ്ങള്‍ നിരാശയുടെയും കൊടിയ ദണ്ഡനത്തിന്റെയും ഇരകളായി മാറി. അഭിമാനവും വിദ്യാഭ്യാസവും വിഭവങ്ങളുമില്ലാത്ത ഒരവസ്ഥയില്‍ ഹിന്ദുക്കളെ അഭിമുഖീകരിക്കേണ്ട ഗതികേടാണ് അവര്‍ക്ക് വന്നു ചേര്‍ന്നത്. ബ്രിട്ടന്‍ ഹിന്ദുമുസ്ലിം വിഷയത്തില്‍ പുറമെ സമദൂരം എന്ന നിലപാട് എടുത്തെങ്കിലും ലഹളകളുണ്ടായപ്പോള്‍ ഹിന്ദുവിന് അനുകൂലമായി നിന്നു. അത് മുസ്ലിങ്ങളെ കൂടുതല്‍ ചെറുതാക്കി. ചുരുക്കത്തില്‍ ബ്രിട്ടീഷ് ഭരണം രണ്ട് സമുദായങ്ങളുടെയും സ്റ്റാറ്റസില്‍ വലിയ മാറ്റം കൊണ്ടുവന്നു. 600 വര്‍ഷം ഹിന്ദുക്കളുടെ മാസ്‌റ്റേഴ്‌സ് ആയിരുന്ന മുസ്ലിങ്ങള്‍ ബ്രിട്ടീഷുകാരുടെ വരവോടെ തുല്യരായി. പിന്നീട് പലപ്പോഴായി താഴോട്ടുപോയി. ഈ സാഹചര്യത്തില്‍ അവര്‍ക്ക് സമാധാനമായി ജീവിക്കാന്‍ ഒരു സ്വതന്ത്രരാഷ്ട്രം ആഗ്രഹിക്കുന്നതില്‍ അസ്വഭാവികത ഇല്ല. അതോടെ ഭരണാധികാരികളും ഭരിക്കുന്നവരും തുല്യരായി മാറുന്ന അവസ്ഥയുണ്ടാകും. (തുടരും)