കല്പറ്റ: നഗരസഭ ഓഫീസിനു മുമ്പില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ സമരം സംസ്ഥാന സര്‍ക്കാറിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളിലും വിവാദങ്ങളില്‍ നിന്നും സഹകരണ തട്ടിപ്പില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനും ജില്ലയിലെ നേതാക്കന്മാരെ പ്രീണിപ്പെടുത്താനും സമരത്തിന് വേണ്ടി നടത്തിയ സമരമാണെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.
ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കല്‍പ്പറ്റ നഗരസഭയിലെ ജനങ്ങള്‍ ഐക്യ ജനാധിപത്യ മുന്നണിയെ (യു.ഡി.എഫ്) തെരഞ്ഞെടുത്തത്. വിവാദങ്ങളില്ലാതെ സ്വജനപക്ഷപാദമില്ലാതെ
അഴിമതിയില്ലാതെ ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനവും വിവിധ ബഹുമുഖ പദ്ധതികളും അതിവേഗം കല്‍പ്പറ്റയില്‍ നടന്നു വരികയാണ്.
ഒരു കോടി രൂപ ചെലവഴിച്ച് മൈതാനി ഫാത്തിമ ആശുപത്രി റോഡിലെ പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം 29 വെള്ളിയാഴ്ച കാലത്ത്10 മണിക്ക് തറക്കല്ലിടും. കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ അമ്പിലേരി ശിശു മന്ദിരത്തിന് സമീപം നിര്‍മ്മിച്ച ഷി ലോഡ്ജ് 30 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ഉദ്ഘാടനം ചെയ്യും. 1,200 പേര്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 30 ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് അഡ്വ. ടി സിദ്ധീഖ് എം.എല്‍.എ നിര്‍വ്വഹിക്കും.
പഴയ ബസ്റ്റാന്‍ഡ് പരിസരത്തെ ഓവുചാലുകളില്‍ നിന്ന് ദുര്‍ഗന്ധവും മലിനജലവും പുറത്തേക്ക് ഒഴുകുന്നത് തടയാനും അടിയന്തിര പ്രാധാന്യത്തോടെ ഫുട്പാത്ത് നവീകരിക്കാനുമായി 22 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ടെണ്ടര്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നാഷണല്‍ ഹൈവേയെ ചുമതലപ്പെടുത്തി.
ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ തയ്യാറക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഭരണ സമിതിയെ ഇകഴ്ത്തി കാണിക്കുകയാണ് സമരക്കാരുടെ ലക്ഷ്യം. ആര്‍ക്കോ വേണ്ടി സമരം നടത്തി യുവജന സംഘടനാ പ്രവര്‍ത്തകര്‍ സ്വയം അപഹാസ്യരാവരുതെന്ന് അദ്ദേഹം പറഞ്ഞു.