യാത്രക്കാരിക്ക് നേരെ ലൈംഗീക പീഡനത്തിന് തുനിഞ്ഞ ഓട്ടോ ഡ്രൈവര്‍ റിമാന്‍റില്‍

Thiruvananthapuram

തിരുവനന്തപുരം: യാത്രക്കാരിക്ക് നേരെ ലൈംഗീക പീഡനത്തിന് തുനിഞ്ഞ ഓട്ടോ ഡ്രൈവറെ റിമാന്റ് ചെയ്തു. കുളത്തൂര്‍ സ്വദേശി അനുവിനെയാണ് പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗീക അതിക്രമത്തിനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയോട് അമരവിളയിലേക്ക് പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ഓട്ടോയില്‍ കയറ്റുന്നത്. കാരക്കോണത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെയും കയറ്റുകയും ചെയ്തു. ഇവര്‍ കുന്നത്തുകാലില്‍ ഇറങ്ങി. ഇതിന് പിന്നാലെയാണ് ഓട്ടോ ഡ്രൈവര്‍ വിദ്യാര്‍ഥിനിക്ക് നേരേ അതിക്രമം തുടങ്ങിയത്. പെണ്‍കുട്ടിയോട് മോശമായി സംസാരിക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇതേതുടര്‍ന്ന് ഓട്ടോ നിര്‍ത്തണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ആളൊഴിഞ്ഞ സ്ഥലത്താണ് ഇയാള്‍ ഓട്ടോ നിര്‍ത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് അതിക്രമത്തിനിരയായ പെണ്‍കുട്ടി ഓട്ടോയില്‍ നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.