ആരോപണങ്ങള്‍ക്ക് ആരോഗ്യമന്ത്രി മറുപടി പറയണം: വി ഡി സതീശന്‍

Kerala

കോഴിക്കോട്: ആരോഗ്യമന്ത്രി പ്രതിപക്ഷത്തിന് ക്ലാസെടുക്കാതെ ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മഹാമാരിയുടെ കാലത്തെ കൊള്ള നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ലോകായുക്തയില്‍ കേസും തുടരുന്നു. ഇപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തു. വിതരണം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ മരുന്ന് 483 ആശുപത്രികളിലും കൊടുത്തു. ഇതാണ് സി ആന്‍ഡ് എ ജിയുടെ കണ്ടെത്തല്‍. പ്രതിപക്ഷത്തിന് കൃത്യമായ മറുപടിയാണ് ഇതില്‍ വേണ്ടത്.

ഷെല്‍ഫ് ലൈഫ് കഴിഞ്ഞ മരുന്നുകള്‍ യു.ഡി.എഫ് കാലത്തെ ആണോ എന്ന് ആരോഗ്യമന്ത്രി ചോദിക്കുന്നത് തമാശയാണ്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ വന്നാല്‍ എന്ത് ചെയ്യണമെന്ന് എഴുതിവച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി അതൊക്കെയൊന്ന് വായിച്ചുനോക്കണമെന്നും അതറി തെയാണ് മന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷെല്‍ഫ് ലൈഫ് കഴിഞ്ഞ മരുന്നുകള്‍ അതേ കമ്പനിക്ക് തിരിച്ചു കൊടുത്ത് അവരില്‍ നിന്ന് പണവും പിഴയും ഈടാക്കണം. കഴിഞ്ഞ 7 വര്‍ഷമായി ഇതൊന്നും ചെയ്തിട്ടില്ലേ ? കാര്യം അറിയാതെയാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മഹാമാരി കാലത്ത് പര്‍ച്ചേസുകളില്‍ കൊള്ളയാണ് നടന്നത്. എവിടെ അഴിമതി നടന്നാലും അവസാനം വന്നു വീഴുന്ന ഒരു പെട്ടിയുണ്ട്. അവിടേയ്ക്ക് തന്നെയാണ് ഈ അഴിമതി പണവും വരുന്നത്. ഇതൊന്നും കേരളത്തിലെ പ്രതിപക്ഷം വിടില്ലന്നും അദ്ദേഹം പറഞ്ഞു.