നഗരവസന്തം: അണിയറയില്‍ ഒരുങ്ങുന്നത് സര്‍ഗാത്മകതയുടെ വസന്തം

News Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന പതിവ് വിഭവമാണ് പുഷ്പമേള. നഗര വീഥികളും കനകക്കുന്ന് പരിസരവും പുഷ്പങ്ങള്‍ കീഴടക്കുന്ന പതിവ് പുഷ്പമേളയില്‍നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ കാഴ്ചകളാണ് ഇത്തവണ അണിയറയില്‍ ഒരുങ്ങുന്നത്.

കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി തിരുവനന്തപുരം കോര്‍പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം സര്‍ഗാത്മകതയുടെ വസന്തം കൂടിയാണ്. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദര്‍ശനവും വില്പനയുമാണ് സാധാരണ പുഷ്പമേളയിലെ പ്രധാന ആകര്‍ഷണങ്ങള്‍. എന്നാല്‍ ഇത്തവണ അതോടൊപ്പം സര്‍ഗാത്മകത തുളുമ്പുന്ന ഇന്‍സ്റ്റലേഷനുകളും ചിത്രങ്ങളും നഗരം കീഴടക്കും. കനകക്കുന്ന് സൂര്യകാന്തിയിലെ പണിപ്പുരയില്‍ നൂറു കണക്കിന് ഇന്‍സ്റ്റലേഷനുകളാണ് ഒരുങ്ങുന്നത്. 60ഓളം ഇന്‍സ്റ്റലേഷനുകള്‍ കനകക്കുന്നില്‍ തന്നെ സ്ഥാനം പിടിക്കും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായി 40ഓളം ഇന്‍സ്റ്റലേഷനുകള്‍ സ്ഥാപിക്കും.

ക്രിയേറ്റിവ് ആര്‍ട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തില്‍ 100ലേറെ കലാകാരന്മാര്‍ ഇന്‍സ്റ്റലേഷനുകളുടെ അവസാനവട്ട മിനുക്കുപണികളിലാണ്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ 20ഓളം വിദ്യാര്‍ഥികളാണ് നഗരവസന്തത്തിന് ചിത്ര ചാരുത നല്‍കുന്നത്. സൂര്യകാന്തിയിലെ പണിപ്പുരയില്‍ അവരും തിരക്കിട്ട പണിയിലാണ്. വസന്തം എന്ന തീം അടിസ്ഥാനമാക്കിയാണ് ഇന്‍സ്റ്റലേഷനുകളും ചിത്രങ്ങളും ഒരുക്കുന്നത്. മിക്ക ഇന്‍സ്റ്റലേഷനുകളും പൂച്ചെടികള്‍കൂടി ഉള്‍പ്പെടുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്.

സസ്യങ്ങള്‍ക്കും ഇന്‍സ്റ്റലേഷനുകള്‍ക്കും ചിത്രങ്ങള്‍ക്കും പുറമെ അലങ്കാര മത്സ്യ പ്രദര്‍ശനവും ഫുഡ് കോര്‍ട്ടും വര്‍ണശബളമായ വൈദ്യുത ദീപാലങ്കാരവും എല്ലാം വസന്തത്തിന്റെ മാറ്റുകൂട്ടും. പൊതുജനങ്ങള്‍ക്കും കൊമേര്‍ഷ്യല്‍ ഫ്‌ലോറിസ്റ്റുകള്‍ക്കും വേണ്ടിയുള്ള മത്സരങ്ങളും സാഹസിക വിനോദങ്ങളും എല്ലാം നഗരവസന്തത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. പരിപാടികള്‍ രാത്രി ഒരു മണിവരെ നീളുന്നതിനാല്‍ നൈറ്റ് ലൈഫിന്റെ ഭംഗികൂടി ആസ്വദിക്കാവുന്ന വേദിയാകും നഗരവസന്തം എന്നുറപ്പാണ്. കനകക്കുന്ന് പരിസരത്തിനുപുറമേ സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ കവടിയാര്‍ വരെയും, എല്‍എംഎസ് മുതല്‍ പിഎംജി വരെയും, കോര്‍പറേഷന്‍ ഓഫീസ് മുതല്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ വരെയും ഉള്ള റോഡിന്റെ ഇരുവശങ്ങളും വസന്തം നിറയും.

വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്റെ വശങ്ങളും പൂന്തോട്ടങ്ങള്‍ കീഴടക്കും. നഗരവസന്ത വിശേഷങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അച്ചടി ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിങിനും ഫോട്ടോഗ്രാഫര്‍ക്കും വീഡിയോഗ്രാഫര്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുക ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ മികച്ച കവറേജിനും അവാര്‍ഡ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *