ഭാര്യയെ വെട്ടി കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Crime News

കന്യാകുമാരി: നടുറോഡില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ആശുപത്രിയില്‍. കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് സംഭവം. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം വീട്ടില്‍ പോയി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച തക്കല അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് (35), ആശുപത്രിയിലായത്. ഭാര്യ ജെബ ബെര്‍നിഷയെ (31)യാണ് ഇയാള്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇവര്‍ക്ക് ജെബ ശോഭന്‍ (14), ജെബ ആകാശ് (13) എന്നീ രണ്ട് മക്കളുമുണ്ട്.

എബിനേസര്‍ ടെമ്പോ ഡ്രൈവറാണ്. ബെര്‍നിഷ കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയാണ്. ട്രെയിനില്‍ ദിവസവും തിരുവനന്തപുരത്ത് പോയി മടങ്ങി വരുന്നതായിരുന്നു പതിവ്. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പോയതിന് ശേഷം ബെര്‍നിഷയുടെ വസ്ത്ര രീതിയില്‍ മാറ്റം വന്നതിനെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുണ്ടാകുന്നത് പതിവായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമത്രെ.

നടുറോഡില്‍ നിന്നും ബെര്‍നിഷയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും എബിനേസര്‍ രക്ഷപ്പെട്ടിരുന്നു. തലയില്‍ വെട്ടേറ്റ ബെര്‍നിഷ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട എബിനേസര്‍ വീട്ടിലെത്തി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ശേഷം ഇയാള്‍ തന്നെ കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. അവിടെ നിന്ന് തുടര്‍ചികിത്സയ്ക്കായി മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ആശുപത്രി വിട്ടയുടനെ അറസ്റ്റ് ചെയ്യും. തക്കല പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *