അവിടെ ബി ജെ പി ഇവിടെ ഇടതുപക്ഷമെന്നത് പറ്റില്ല; മാത്യു ടി തോമസും മന്ത്രി കൃഷ്ണന്‍കുട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് സി കെ നാണു പക്ഷം

Kerala

തിരുവനന്തപുരം: അവിടെ ബി ജെ പി ഇവിടെ ഇടതുപക്ഷമെന്ന നിലപാട് പറ്റില്ലെന്ന മുന്നറിയിപ്പുമായി ജെ ഡി എസ് സി കെ നാണു പക്ഷം. ഇന്നത്തെ യോഗത്തോട് നേതാക്കള്‍ കാണിച്ച നിലപാട് ശരിയായതായിരുന്നില്ല. അടുത്തമാസം ഡിസംബര്‍ 9ന് ചേരുന്ന യോഗത്തില്‍ നേതാക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സി കെ നാണു വ്യക്തമാക്കി. കര്‍ണാടകയില്‍ എന്‍ ഡി എയില്‍ ചേരാനുള്ള തീരുമാനം ദേവഗൗഡ ഏകപക്ഷീയമായാണ് എടുത്തത്. ബി ജെ പി ബന്ധം ഡിസംബര്‍ ഒന്‍പതിന് മുന്‍പ് ഉപേക്ഷിക്കാന്‍ തയ്യാറാകണം. ഇതിന് തയ്യാറായില്ലെങ്കില്‍ ദേവഗൗഡയ്ക്ക് എതിരെ നടപടിയെടുക്കുമെന്നും ഡിസംബര്‍ ഒന്‍പതിലെ യോഗത്തില്‍ മന്ത്രി കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും പങ്കെടുത്തില്ലെങ്കില്‍ അവര്‍ക്കെതിരെ മുഖ്യമന്ത്രിയെ കാണുമെന്ന് മുതിര്‍ന്ന ജെ ഡി എസ് ദേശീയ നേതാവ് സി എം ഇബ്രാഹിമും സി കെ നാണുവും പറഞ്ഞു.

തങ്ങളാണ് ഔദ്യോഗിക പാര്‍ട്ടിയെന്ന് വ്യക്തമാക്കിയ സി എം ഇബ്രാഹിം ഡിസംബര്‍ ഒന്‍പതിന് ബംഗളൂരുവില്‍ ദേശീയ കൗണ്‍സില്‍ ചേരുമെന്നും വ്യക്തമാക്കി. ഈ യോഗത്തില്‍ കേരളത്തിലെ എം എല്‍ എമാര്‍ പങ്കെടുത്തില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ഡിസംബര്‍ ഒന്‍പതിന് മുന്‍പ് ബി ജെ പിക്ക് ഒപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

ഇന്ന് ചേര്‍ന്ന യോഗത്തോട് നേതാക്കള്‍ മുഖം തിരിച്ചത് ശരിയായില്ല. സി എം ഇബ്രാഹിമിനെ ദേശീയ പ്രസിഡന്റാക്കി ജെ ഡി എസ് കോര്‍ കമ്മിറ്റി ഉണ്ടാക്കാനാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം. സി കെ നാണുവിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ദേശീയ എക്‌സിക്യൂട്ടീവ് ചേര്‍ന്നത്.