ലോകം അട്ടപ്പാടി അഗളി സ്‌കൂളിലേക്ക്

Palakkad

പാലക്കാട്: അട്ടപ്പാടി അഗളി ജി വിഎച്ച്എസ് എസ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ മാതൃകയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ‘ലോകം അഗളി സ്‌കൂളിലേക്ക്’ എന്ന് പേര് നല്‍കിയിരികുന്ന പദ്ധതിയിലൂടെയാണ് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടക്കുക. സ്‌കൂളിലെ ഇന്‍ഡിവുഡ് ഫിലിം ക്ലബ്ബ് ആയിരിക്കും പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള കല കായിക, സാഹിത്യ സാംസ്‌കാരിക, രാഷ്ട്രീയ, പരിസ്ഥിതി, സിനിമ, തുടങ്ങി വിവിധ മേഖലകളില്‍ തനതു വ്യക്തി മുദ്ര പതിപ്പിച്ചവരുമായി അഗളി സ്‌കൂളിലെ കുട്ടികള്‍ക്ക് നേരിട്ട് സംവദിക്കാന്‍ അവസരം ഒരുക്കുന്ന പദ്ധതിയാണ് ഇത്. ശിശുദിനം മുതല്‍ രണ്ടാഴ്ച കാലം വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ സര്‍ സോഹന്‍ റോയ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. അദ്ദേഹം വിദ്യാലയത്തിന് സമര്‍പ്പിച്ച 3D എഡ്യുക്കേഷന്‍ തിയേറ്ററില്‍ പ്രത്യേകം സജ്ജമാക്കിയ സൂം മീറ്റിലൂടെ ആയിരിക്കും വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ നടക്കുക. പഠന സമയം നഷ്ടപ്പെടുത്താതെ വൈകിട്ട് 4 മുതല്‍ 4.30 വരെയാണ് പരിപാടി.

മറ്റ് വിദ്യാലയങ്ങള്‍ക്ക് മാതൃകായാകും വിധം നൂതനാശയം മുന്നോട്ട് വച്ച് അതിനായി പ്രയത്‌നിക്കുന്ന വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പി.ടി.എ പ്രതിനിധികളേയും സോഹന്‍ റോയ് പ്രശംസിച്ചു.ഓരോ വിദ്യാര്‍ത്ഥിയും തന്റെ അഭിരുചിയനുസരിച്ചുള്ള ഒരു മെന്ററെ കണ്ടെത്തി ലക്ഷ്യബോധത്തോടെ മുന്നേറി ജീവിത വിജയത്തില്‍ എത്തണമെന്നും അഗിളി സ്‌കൂള്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നും ഈ വിപ്ലവകരമായ മാറ്റം മറ്റു മേഖലയിലേക്ക് മറ്റു മേഖലകളിലേക്ക് ഉടന്‍തന്നെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് താരം ശ്രീശാന്ത് സൂം മീറ്റില്‍ മുഖ്യ അതിഥിയായി. മത്സരം മറ്റുള്ളവരോടല്ല അവനവനോട് തന്നെയാവണമെന്നാണ് എന്ന് ശ്രീശാന്ത് പറഞ്ഞു.

ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 2500 ലധികം കുട്ടികളുള്ള ഈ വിദ്യാലയത്തില്‍ ഓരോ ദിവസവും പങ്കെടുക്കുന്ന അതിഥികള്‍ക്കനുയോജ്യമായി വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ അഭിരുചിയനുസരിച്ച് വിവിധ ബാച്ചുകളാക്കിയാണ് വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ പങ്കാളികളാക്കുക.

വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഈ അനുഭവം സാധ്യമാക്കുക എന്നതു കൂടിയാണ് ലക്ഷ്യം.
വരും ദിവസങ്ങളില്‍ കൂടുതല്‍ അതിഥികള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഇന്‍ഡിവുഡ് ഫിലിം ക്ലബ്ബ് ബ്രാന്‍ഡ് അംബാസിഡര്‍ വിയാന്‍, ഏരീസ് ടെലികാസ്റ്റിംഗ് ഡിവിഷന്‍ മാനേജര്‍ ജോണ്‍സണ്‍, വിഷ്ണു, അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍, ഫിലിം ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.