കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എം നേതാക്കള്‍ക്കെതിരെ പി ആര്‍ അരവിന്ദാക്ഷന്റെ മൊഴി. സി പി എം നേതാക്കള്‍ പണം കൈപ്പറ്റിയെന്ന് ഇ ഡിയ്ക്ക് അരവിന്ദാക്ഷന്‍ മൊഴി നല്‍കി. സതീഷ് കുമാറിന്റെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇ ഡി സമര്‍പ്പിച്ച മൊഴിയുടെ വിശദാശംങ്ങളിലാണ് ഇക്കാര്യമുള്ളത്.
സതീഷ് കുമാറിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം നല്‍കിയതെന്നാണ് മൊഴി. ഇ പി ജയരാജനും പി സതീഷ് കുമാറിന് അടുത്ത ബന്ധമാണെന്നും 2016ല്‍ തിരുവനന്തപുരത്തും 2021ല്‍ കണ്ണൂരിലും സതീഷിനൊപ്പം ജയരാജനെ കണ്ടുവെന്നും മൊഴിയുണ്ട്. പി കെ ബിജുവും എ സി മൊയ്തീനും പണം കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്റെ മൊഴി നല്‍കിയിട്ടുണ്ട്.
2020ല്‍ പി കെ ബിജുവിന് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും 2016ല്‍ എ സി മൊയ്തീന്‍ രണ്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് അരവിന്ദാക്ഷന്‍ മൊഴി നല്‍കിയത്. മന്ത്രി രാധാകൃഷ്ണനുമായും എം കെ കണ്ണനുമായും സതീഷ് കുമാറിന് ബന്ധമുണ്ടെന്നും മൊഴിയുണ്ട്.