അഭിനയത്തോടൊപ്പം പഠനവും; പാതിവഴിയില്‍ നിര്‍ത്തിയ പഠനം തുടരാന്‍ ഇന്ദ്രന്‍സ്

News

തിരുവനന്തപുരം: അഭിനയത്തോടൊപ്പം പഠനവും തുടരാനൊരുങ്ങി നടന്‍ ഇന്ദ്രന്‍സ്. ജീവിതത്തിലെ പകുതി വഴിയില്‍ വച്ച് നിര്‍ത്തിയ പഠനം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ദ്രന്‍സ്. പത്താം ക്ലാസ് തുല്യത പഠനത്തിന് ഒരങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നടനായ ഇന്ദ്രന്‍സ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്.

നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രന്‍സ്. പഠിത്തം ഇല്ലാത്തതിനാല്‍ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയേണ്ടി വന്നു. ഇത്തരം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ കൂടിയാണ് പഠനം കൊണ്ട് ശ്രമിക്കുന്നത്.

സ്‌കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്ന് ഇന്ദ്രന്‍സ് മുന്‍പും പറഞ്ഞിട്ടുണ്ട്.

2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി. കഴിഞ്ഞ വര്‍ഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും ഇന്ദ്രന്‍സിന് ലഭിച്ചു. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്.

‘നാലാം ക്ലാസില്‍ പഠനം അവസാനിച്ചു. അന്നു കടുത്ത ദാരിദ്ര്യമായിരുന്നു. നടനെന്ന നിലയില്‍ അംഗീകാരം കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസ്സിലുണ്ടായിരുന്നു. പേടിയോടെ പലയിടത്തുനിന്നും ഉള്‍വലിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒരവസരം വന്നിരിക്കുകയാണ്. എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്കു പഠിച്ചേ തീരൂ’ ഇന്ദ്രന്‍സ് പറയുന്നു. ഇന്ദ്രന്‍സ് 4 വരെ പഠിച്ചത് കുമാരപുരം യുപി സ്‌കൂളിലായിരുന്നു. ഇവിടെ നിന്നും മീറ്ററുകള്‍ അകലെയാണ് മെഡിക്കല്‍ കോളേജ് സ്‌കൂള്‍. ഈ സ്‌കൂളിലേക്കാണ് മുടങ്ങാതെ ഇപ്പോള്‍ നടന്‍ പഠിക്കാന്‍ എത്തുന്നത്.