തിരുവനന്തപുരം: ബഫര്‍ സോണില്‍ പ്രതിഷേധം ശക്തമായതോടെ നീക്കങ്ങളുമായി സര്‍ക്കാറും കോണ്‍ഗ്രസും രംഗത്ത്. ഇന്ന് രണ്ട് നിര്‍ണ്ണായക യോഗങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ബഫര്‍ സോണ്‍ വിഷയത്തിലുള്ള കോണ്‍ഗ്രസിന്റെ സമരത്തിനും ഇന്ന് തുടക്കമാകുകയാണ്. കൂരാച്ചുണ്ടില്‍ വൈകീട്ട് മൂന്നരയ്ക്കാണ് കോണ്‍ഗ്രസ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടകന്‍. കര്‍ഷക സംഘടനകളുടെ പിന്തുണയില്‍ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെ പി സി സിയുടെ തീരുമാനം.
ഇന്ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ചേന്നുണ്ട്. സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട സമീപനം ചര്‍ച്ച ചെയ്യുന്നതിനാണ് ഈ യോഗം. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫീല്‍ഡ് റിപ്പോര്‍ട്ട് നല്‍കാനുള്ള അനുവാദവും സര്‍ക്കാര്‍ തേടും. ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സത്യവാങ്മൂലം നല്‍കാനാണ് നീക്കം. കൂടാതെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗവും ഇന്നാണ് ചേരുന്നത്.
ഉപഗ്രഹ സര്‍വേയിലെ അപാകത കണ്ടെത്തുന്നതിനായി ഇടുക്കി ജില്ലയില്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധനക്കും ഇന്ന് തുക്കമാവുകയാണ്. മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന സര്‍വ്വേ നമ്പറുകള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിര്‍ദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക.
ബഫര്‍ സോണ്‍ വിഷയത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലാണ്. ഇന്ന് അമ്പൂരിയില്‍ പ്രതിഷേധം സംഗമം സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് അഞ്ചിന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം.