ഇന്ന് കവിതയെഴുതുന്നവരിൽ ആരൊക്കെ നിലനിൽക്കും ?

Articles

നിരീക്ഷണം / എസ് ജോസഫ്

ഇതിന് ഉത്തരം പറയാന്‍ ശ്രമിക്കാം. ചീരാമന്‍, പുനം നമ്പൂതിരി, തോലന്‍, കണ്ണശ്ശന്‍, ചെറുശ്ശേരി, എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, പൂന്താനം, രാമപുരത്തു വാര്യര്‍, ഉണ്ണായി വാര്യര്‍, ആശാന്‍, ഇടശ്ശേരി, പി ജി, ബാലാമണിയമ്മ, ചങ്ങമ്പുഴ, ഇടപ്പള്ളി, വൈലോപ്പിള്ളി, സുഗതകുമാരി എന്നിവര്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് കവിതയില്‍ നിലനില്‍ക്കുന്നു. പിന്നീട് വന്ന ആധുനിക കവികള്‍ ഒരു മഞ്ജരി ( പൂങ്കുല ) യാണ് . ത്രിദശക പൂര്‍ണമായ അവരുടെ കാലം ഹ്രസ്വവുമാണ്. എങ്കിലും ഓരോ കവിയും തെളിഞ്ഞ് , വേറിട്ട് നില്ക്കുന്നുണ്ട്. തുടര്‍ന്നാണ് ഉത്തര കാല കവികള്‍ വരുന്നത്.

അവര്‍ ആധുനികരെപ്പോലെ ഏതാണ്ട് ഒരേ റേഞ്ചില്‍ ഉള്ളവര്‍ അല്ല. പല ക്ലസ്റ്ററുകളായിട്ടാണ് ഈ ആള്‍ക്കൂട്ടം. കവിതയുടെ ഒരു ബൃഹദാഖ്യാനമാണത്. അതില്‍ ആദ്യം വരുന്ന കവികള്‍ ഉണ്ട് . അവര്‍ ആധുനികരെപ്പോലെ എണ്ണത്തില്‍ കുറവാണ്. പിന്നീട് വലിയ ക്ലസ്റ്ററുകള്‍ തന്നെ രൂപപ്പെട്ടു. പിരമിഡ് തിരിച്ചു വച്ചാല്‍ എന്നപോലെയാണ് കവികളുടെ വളര്‍ച്ച . ഈ ആള്‍ക്കൂട്ടത്തില്‍ ഭൂരിഭാഗം പേരും യുവ കവികളായി ഇന്ന് നിലകൊള്ളുന്നു. അപൂര്‍വ്വ കവിത്വം കൊണ്ട് അനുഗൃഹീതരാണ്. പാരമ്പര്യ ബദ്ധരല്ല. അതിനാലും പലര്‍ക്കും കാവ്യേതേതര സ്വഭാവം കൂടുതലാണ്.

അമൃത് കഴിച്ച ദേവഗണത്തെപ്പോലെ ഇവര്‍ എന്നെന്നും 16 വയസുകാരാണ്. ഇവരും ഒന്നൊഴിയാതെ നിലനില്ക്കും. സംസ്‌കാര വ്യവസായത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. വൈവിധ്യങ്ങള്‍ക്ക് എല്ലാം തന്നെ പ്രസക്തിയുണ്ട്. ടി.വി , നവമാധ്യമങ്ങള്‍, രാഷ്ട്രീയ സംസ്‌കാരം , അധികാര രാഷ്ട്രീയം എന്നിവയുടെ അമിത സ്വാധീനം കവിതയെ ഒട്ടും തന്നെ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. മാധ്യമ ശ്രദ്ധയുടെ അഭാവത്തിലും കവിത ജീവിക്കുന്നുണ്ട് . സാന്നിധ്യവും അസാന്നിധ്യവും ഒരു പോലെതന്നെയാകുന്ന ഒരു മേഖലയാണ് കവിതയുടേത്.

നമ്മുടെ കാലത്തെ പല നല്ല കവികളുടേയും കവിതകള്‍ ഇപ്പോള്‍ കാണുന്നില്ല. എന്നാല്‍ അത്യാവേശത്തോടെ ഒരു പാട് കവിതകള്‍ എഴുതുന്നവരും ഉണ്ട്. മാതൃഭൂമി, മാധ്യമം ഭാഷാപോഷിണി , മലയാളം , പ്രസാധകന്‍, ട്രൂ കോപ്പി എന്നിവയ്ക്കും ഓണപ്പതിപ്പുകള്‍ക്കും കവിതകള്‍ വേണം. അപ്പോള്‍ പോയട്രി പ്രൊഡക്ഷന്‍ ഉണ്ടായേ പറ്റൂ.

പക്ഷേ ക്ഷീണിച്ചു പോയ മനീഷയും മഷിയുണങ്ങിയ പൊന്‍പേനയുമായി എന്ത് ചെയ്യാനാണ് ? ആവര്‍ത്തനോത്സുകത ഇല്ലാത്തതു കൊണ്ടു കൂടി ഉണ്ടായ ബ്ലോക്കാകാം ഇത്. സ്വന്തം കവിതയെക്കുറിച്ച് കവികള്‍ കൂടുതല്‍ കോണ്‍ഷ്യസ് ആകുന്നതും കവിത കുറയാന്‍ കാരണമാണ് . ഓരോ കവിയുടേയും പ്രതിഭയുടെ ഉച്ചസ്ഥായിയായ ഒരു ഘട്ടമുണ്ട്. പിന്നീട് ആ കാലിബര്‍ നിലനിര്‍ത്തുക എന്നതായിരിക്കും വെല്ലുവിളി. ഇപ്പോള്‍ ഒരു പാട് കവികള്‍ ഇന്ന് നമുക്കുണ്ട് . അതൊരു ക്രൗഡാണ് . അപൂര്‍വ്വം ചിലരുടെ ശബ്ദങ്ങളേ വേറിട്ട് കേള്‍ക്കുന്നുള്ളു.