മാലിന്യ മുക്ത പ്രചാരണവുമായി വിദ്യാര്‍ത്ഥികള്‍

Kozhikode

കോഴിക്കോട്: പൊതുജനങ്ങള്‍ക്കിടയില്‍ മാലിന്യമുക്ത നാടിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാര്‍ത്ഥികളുടെ പ്രചരണം. കേരള പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സഫയര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ‘ഫ്‌ലാഷ് മോബു’മായി രംഗത്തുവന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ‘മാലിന്യ മുക്ത നവകേരളം’ പദ്ധതിയുടെ ഭഗമയാണ് അസോസിയേഷന്‍ എല്ലാനഗരങ്ങള്‍ കേന്ദ്രീകരിച്ചും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പ്രചാരണത്തിന്റ ജില്ലാ തല ഉദ്ഘാടനം ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് നിസാര്‍ ഒളവണ്ണ നിര്‍വഹിച്ചു. സഫയര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഫ്‌ലാഷ്‌മൊബ് ഏറെ ഹൃദ്യമായി. സ്‌കൂളിലെ ഹരിതസഭ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകരും പി ടി എ പ്രതിനിധികളും ഉണ്ടായിരുന്നു. കുട്ടികളില്‍ സാമൂഹ്യബോധം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് നിസാര്‍ ഒളവണ്ണ പറഞ്ഞു. ഹരിത സഭ കോ ഓര്‍ഡിനേറ്റര്‍ പി വിജിഷ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി സിന്ധു, സംഗീത പി പി, എം യഹ്‌യഖാന്‍, കെ കവിത, പി ഫാത്തിമത്തു സുഹറ, എം ഹസീന, പി ബിനീഷ്, പി കെ സൈതലവി എന്നിവര്‍ പ്രസംഗിച്ചു.