കല്പറ്റ: വയനാട് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20 മുതല്‍ 2024 ജനുവരി 10വരെ കല്പറ്റ ബൈപ്പാസ് ഫഌര്‍ഷോ ഗ്രൗണ്ടില്‍ വയനാട് പുഷ്‌പോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈവിധ്യമാര്‍ന്ന ആയിരത്തിലധികം വ്യത്യസ്തമായ പൂക്കളുടെ പ്രദര്‍ശനം, കാര്‍ഷക ഉത്പന്നങ്ങളുമായി നഗരവീഥിയിലൂടെ രഥയാത്ര, ഹെലികോപ്ടര്‍ യാത്ര, ഫുഡ് കോര്‍ട്ട്, വിദ്യാര്‍ത്ഥികള്‍ക്ക് ചിത്ര രചന മത്സരം, കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി വിവിധ മത്സരങ്ങള്‍, വെജിറ്റബിള്‍ കാര്‍വിംഗ് ഫഌവര്‍ അറേഞ്ച്‌മെന്റ് മത്സരം, വിവിധ വാണിജ്യ സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
കണ്ണിനും മനസ്സിനും കുളിര്‍മയേകുന്ന പൂക്കളുടെ കലവറയെ ഒരു കുടക്കീഴില്‍ ഒരുക്കി എല്ലാവര്‍ക്കും അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടൊണ് വയനാട് ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി പ്രദര്‍ശനം ഒരുക്കുന്നത്.
കേരളത്തിലെ ഏറ്റവും മികച്ച പുഷ്പഫല സസ്യ പ്രദര്‍ശനങ്ങളിലൊന്നിനെ രൂപപ്പെടുത്തി എടുക്കുകയാണ് ലക്ഷ്യം. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും പൗരപ്രമുഖരും അടങ്ങുന്ന സംഘാടക സമിതിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ പുഷ്പമേളക്കെത്തുമെന്നാണ് പ്രതീക്ഷ.
മുന്നൂറോളം സസ്യഫല കൂട്ടായ്മകളുടെ സജീവ പങ്കാളിത്തമുള്ളതിനാല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പുഷ്പ കര്‍ഷകര്‍ക്കും മറ്റ് ഫല കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ നേരിട്ട് പ്രദര്‍ശിപ്പിക്കാനും വിപണനം ചെയ്യാനും മേളയില്‍ അവസരമൊരുക്കും. വലിയ ഫലങ്ങള്‍ക്കും പൂക്കള്‍ക്കും സമ്മാനം, പുഷ്പരാജ പുഷ്പറാണി മത്സരം എന്നിവയും ഉണ്ടാകും. ഉദ്ഘാടന ദിവസമായ ഡിസംബര്‍ 20ന് വൈകന്നേരം നാലുമണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയം മുതല്‍ ഫഌര്‍ഷോ ഗ്രൗണ്ട് വരെ ശിങ്കാരി മേളം, പൂക്കാവടി, നാസിക് ഡോള്‍, വയനാടന്‍ തനത് രൂപമായ ചീനിയും തുടിയും, കുടുംബശ്രീ അംഗങ്ങള്‍, വിവിധ ക്ലബ്ബുകള്‍, സൊസൈറ്റി അംഗങ്ങള്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന വിളംബര ജാഥയുണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ ജോണി പാറ്റാനി, ജനറല്‍ കണ്‍വീനര്‍ കെ എസ് രമേശ്, കണ്‍വീനര്‍ ബിമല്‍ കുമാര്‍ എം എ, ജോ ജനറല്‍ കണ്‍വീനര്‍മാരായ വി പി രത്‌നരാജ്, മോഹന്‍ രവി, ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഒ എ വീരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.