സുല്‍ത്താന്‍ ബത്തേരി: വിവാഹമോചനം നേടാതെ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചുവെന്നാരോപിച്ച് പരാതിയുമായി രംഗത്തെത്തിയ ഷഹാനയ്‌ക്കെതിരെ ആരോപണവുമായ ഭര്‍തൃവീട്ടുകാര്‍. കുടുംബത്തിന് ചേരാത്ത രീതിയിലുള്ള അവളുടെ ജീവിതമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. ഷഹാനയ്ക്ക് പറന്നു നടക്കണമെന്നും ഫാഷനില്‍ ജീവിക്കണമെന്നും കുടുംബം പറയുന്നു. അതൊന്നും ഈ വീട്ടില്‍ നടക്കില്ലെന്നും അവര്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി സ്വദേശി ഷഹാനാ ബാനുവും മകളുമാണ് ഭര്‍തൃ പീഡനം ആരോപിച്ച് രംഗത്തെത്തിയത്. ഭര്‍തൃ വീടിന് മുന്നില്‍ പ്രതിഷേധിച്ച് യുവതിയും മകളും രംഗത്ത് വന്നതോടെയാണ് സംഭവം വാര്‍ത്തയായത്. വിവാഹമോചനം നേടാതെ ഭര്‍ത്താവായ നായ്ക്കട്ടി സ്വദേശി അബൂബക്കര്‍ സിദ്ദിഖ് രണ്ടാമത് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഇരുവരും ഭര്‍തൃവീടിന് മുന്നില്‍ ബഹളം വെക്കുകയായിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ അബൂബക്കര്‍ സിദ്ദിഖില്‍ നിന്നും വീട്ടുകാരില്‍ നിന്നും കൊടിയ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നെന്നാണ് ഷഹാന പറയുന്നത്. ഉപ്പ മരിച്ചതിന് ശേഷം ഭര്‍ത്താവും രണ്ടു സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്‍മാരും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും, ഇനി അവര്‍ക്ക് നല്‍കാന്‍ തന്റെ കയ്യില്‍ ഒന്നുമില്ലെന്നും യുവതി അറിയിച്ചു.
‘എന്റെ കൈയില്‍ ഇനിയൊന്നും കൊടുക്കാനില്ല. എല്ലാം ഞാന്‍ കൊടുത്തു. 37 പവനും മൂന്ന് ലക്ഷം രൂപയും കൊടുത്തു. ഭര്‍ത്താവ് വീട്ടില്‍ വന്നു നിരന്തരം ശല്യം ചെയ്യുകയാണ്. ഒന്നര വര്‍ഷമായി മാറി താമസിക്കുകയാണ്. ഇതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിച്ചു. നിയമപരമായി വിവാഹമോചനം നേടാതെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി മകള്‍ക്ക് ചിലവിന് പോലും ഒന്നും തരുന്നില്ല’, ഷഹാന പറഞ്ഞു.