ഭിന്ന ശേഷിക്കാര്‍ പൊതുധാരയിലെത്താന്‍ സമൂഹം പരിശ്രമിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

Kozhikode

കോഴിക്കോട്: ഭിന്നശേഷിക്കാര്‍ പൊതുധാരയിലേക്കെത്താന്‍ സമൂഹം പരിശ്രമിക്കണമെന്ന് പാളയം ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കേള്‍വി പരിമിതരായവര്‍ക്ക് വേണ്ടി പാളയം മുഹ്‌യിദ്ദീന്‍ പള്ളിയില്‍ നടന്ന ദ്വിദിന പഠന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഴ്ചശക്തിയും കേള്‍വിയും സംസാരശേഷിയും ഇല്ലാത്തവരും ശരീരം ചലനമറ്റ് കിടക്കുന്നവരുമായ നൂറ് കണക്കിനാളുകള്‍ നമ്മുടെ വീടുകളിലും ചുറ്റുവട്ടങ്ങളിലുമുണ്ട്. അവര്‍ക്കും ജീവിത സൗകര്യങ്ങളെല്ലാം ലഭിക്കേണ്ടതുണ്ട്. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അവര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കണം. ഇക്കാര്യത്തില്‍ പാളയം പള്ളി നല്ലൊരു മാതൃകയാണ്. ഈ പള്ളിയിലെ ജുമുഅ ഖുതുബ ആംഗ്യ ഭാഷയിലേക്ക് തത്സമയം തര്‍ജ്ജമ ചെയ്യുന്നുണ്ട്. വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് റോഡില്‍ നിന്ന് തന്നെ പള്ളിയുടെ അകം വരെ വരാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ടെന്നും ഇത് മറ്റ് ആരാധനാലയങ്ങള്‍ക്ക് മാതൃകയാണെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ബധിര സുഹൃത്തുക്കായി പള്ളിയില്‍ നടത്തിയ ദ്വിദിന പഠന കേമ്പ് ശ്രദ്ധേയമായി. സത്രീകളും പുരുന്മാരും കുട്ടികളുമായി നൂറ്റിയിരുപതോളം പേര്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും മികച്ച ക്യാംപ് അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. മുഹ്‌സിന പത്തനാപുരം, അക്ബര്‍ സാദിഖ്, ഡോ. സുലൈമാന്‍ ഫാറൂഖി, പൊലീസ് ഓഫീസര്‍ റഖീബ് മണിയൂര്‍, മിസ്ബാഹ് ഫാറൂഖി, ബഷീര്‍ മാത്തോട്ടം, ജംഷീര്‍, ഹാഫിസുറഹ്മാന്‍ പുത്തൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. എം. കെ. അബ്ദുറസാഖ്, കെ. അബ്ദുറസാഖ്, പി.എന്‍. ബഷീര്‍ അഹമ്മദ്, ഫിദാ, വാഹിദ്, ആദില്‍ ഫറാസ് എന്നിവര്‍ ആംഗ്യ ഭാഷയില്‍ അവതരിപ്പിക്കുകയും ക്യാംപിന് നേതൃത്വം നല്‍കുകയും റെക്കോഡിംഗ് മീഡിയാ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു.