യാത്ര/ടി കെ ഇബ്രാഹിം
മലയാളിയുടെ രണ്ടാം ദേശമെന്നു വിശേഷിപ്പിക്കാവുന്ന ഡഅഋ യുടെ പൊതു പരിസരങ്ങളെല്ലാം സുപരിചിതമാണ് ഓരോകേരളീയനും. തൊഴിലിടമായും പിന്നെ വിനോദത്തിനും അവരിലേറെപ്പേരും ഇങ്ങോട്ടു പോരുന്നു. യൂറോപ്പോ അമേരിക്കയോ പോലെ അപ്രാപ്യവും അകലെയുമല്ലാത്തതിനാല്‍ നമുക്കു പ്രിയം UAE തന്നെ.
ഓരോ എമറേറ്റുകളും ഇന്ത്യന്‍ നഗരങ്ങളേക്കാള്‍ പരിചിതം. ഇതു കൊണ്ടൊക്കെയാണ് പൊതു ഇടങ്ങളും നഗരക്കാഴ്ചകളും ഈ ഹൃസ്വമായ കുറിപ്പുകളിലിടം പിടിക്കാതെ പോകുന്നത്. ബുര്‍ജ് ഖലീഫയുടെ ഉയരവും ലുലുമാളുകളുടെയും ഗോള്‍ഡ് സൂക്കുകളുടെയും കൃത്യമായ എണ്ണവും വിസ്തീര്‍ണ്ണവും മലയാളിക്കു കാണാപാഠം. പലതും മലയാളിയ്ക്ക് സ്വന്തവും.
ഇതിനിടയിലും ഈ വാണിജ്യ നഗരങ്ങളുടെ അന്തരാളങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പ്രാകൃതികവും സാംസ്‌കാര സംബന്ധവും സര്‍ഗ്ഗാത്മകവുമായ അന്ധര്‍ധാരകള്‍ ചെന്നുകാണാനാണ് ഈ കുറിപ്പുകാരന്ന് കൗതുകം. വീണ്ടും യാത്ര അബൂദബിയിലക്കുതന്നെ. കഴിഞ്ഞ ദിവസം ഗ്രാന്റ് മോസ്‌ക് കണ്ട് പുറത്തിറങ്ങിയപ്പോള്‍ സന്ധ്യ കനത്തിരുന്നു. ഈയാത്ര അബൂദാബി യുടെ പെരുമ ലോകത്തെ വിളിച്ചറിയിക്കുന്ന ലുവേര്‍ ( Louvre ) മ്യൂസിയം കാണാന്‍.

തൂണുകളോ പുറം ബിത്തികളോ ഇല്ലാതെ നീലജലാശയത്തില്‍ മുഖം നോക്കുന്ന സുന്ദരിയെ പോലെ അബൂദാബി ലുവേര്‍ (Louvre )മ്യൂസിയം. അകലെ നിന്നുകണ്ടപ്പോള്‍ ഒരാധുനിക ശില്പമെന്നേ തോന്നിയുള്ളൂ. ഫാന്‍സിലെ പ്രസിദ്ധമായ ലുവേര്‍ മ്യൂസിയത്തിന്റെ ചുവടുപറ്റി സ്ഥാപിച്ച അബൂദാബിയുടെ ഐക്കണ്‍ എന്നു വിശേഷിപ്പിക്കാവുന്ന വാസ്തുശില്പം. ചരിത്രാതീത കാലം മുതല്‍ നാടോടികളും സമുദ്രസഞ്ചാരികളായിരുന്ന അറബികള്‍ പ്രാചീന വാണിജ്യ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും മേല്‍ കൈനേടി.
ഇബ്ന്‍ ബത്തൂത്തയെ പോലുള്ള സഞ്ചാരികള്‍ ഇന്ന് ഗൂഗിളെന്നപോലെ അക്കാലത്തെ വിശ്വസഞ്ചാര ചരിത്രത്തിലെ വഴിയടയാളങ്ങളായിരുന്നു. കേരളത്തിന്റെ പ്രാക്തന സാമൂഹ്യചരിത്രം അറബിനാടുകളുമായി അഭേധ്യമായി ബന്ധപെട്ടു കിടക്കുന്നു. ആ നൈരന്തര്യം വിധികല്പിതമെന്നപോലെ ഇന്നും തുടരുന്നു. ശിലായുഗ ചരിത്രശേഷിപ്പുകളില്‍ നിന്നാരംഭിച്ച് , ചരിത്രപരിണാമങ്ങളുടെ പടവുകളും മുന്‍ഗണനാക്രമവും നെല്ലുമേ വ്യതിചലിക്കാതെ വിവിധ വന്‍കരകളില്‍നിന്നും ശേഖരിച്ച മുനുഷ്യ സംസ്‌കൃതിയുടെ അടയാളങ്ങളാണ് മ്യൂസിയത്തിനകം നിറയെ. മന്‍ഷ്യസ്പര്‍ശമേറ്റ്ചരിത്രത്തില്‍ ഇടം നേടിയ അമൂല്ല്യവസ്തുക്കളൊന്നൊന്നായി ശേഖരിച്ച് അവധാനതയോടെയും സുന്ദര്യത്തികവോടെയും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

മ്യൂസിയം തന്നെ ഒരു മഹാശില്പമായ ഇവിടെ ഓരോ കലാവസ്തുവിനും അതര്‍ഹിക്കുന്ന ആദരവും സുരക്ഷിതത്വവും ഉറപ്പുവരുത്തിയിരിക്കുന്നു. ഒരു കുരുന്നിന്റെ കൈവിരല്‍ പ്രദര്‍ശന വസ്തുവില്‍ അറിയാതെ സ്പര്‍ശിച്ചു പോയാല്‍ ഉടന്‍ഹാളില്‍ സൈറണ്‍ മുഴങ്ങും , സെക്യൂരിറ്റി പാഞ്ഞെത്തും. മറ്റൊരു കമനീയമായ ഹാളിന്റെ ചുവരുകളിലും നടുത്തളങ്ങളിലും വിശ്വപ്രസിദ്ധ ചിത്രകാരന്മാരുടെയും ശില്പികളുടെയും നവോത്ഥാനകാല ക്ലാസിക് രചനകള്‍ മുതല്‍ കണ്ടമ്പററി ശൈലിയിലുളള ആധുനിക ചിത്രശില്പങ്ങള്‍ വരെ, മനോഹരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ശ്രദ്ദേയമായ ഇന്‍സ്റ്റാലേഷനുകള്‍ വേറെയും. ഇതെല്ലാം ലോകത്തിലെ പ്രസിദ്ധങ്ങളായ കലാവസ്തു ലേല സ്ഥലങ്ങളില്‍ നിന്നും കോടിക്കണക്കിനു ഡോളറുകള്‍ കൊടുത്ത് വില കൊണ്ടതാണ്.
വിശ്വോത്തര മൂസിയങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ വേണ്ട അമൂല്യമായ കലാവസ്തുക്കളുടെ ഉന്നതശ്രേണിയിലുള്ള ഈ ശേഖരം തന്നെയാണ് അബുദാബിയുടെ ഐക്കണായി മാറിയ ലുവേര്‍ മ്യൂസിയം. ചരിത്ര പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും മാത്രമല്ല മഹാകാലത്തിന്റെ ദൂരസാഗരം നീന്തിയെത്തിയ, മനുഷ്യ കുലത്തിന്റെ ഭൂതപരിണാമങ്ങള്‍ അറിയാന്‍ വെമ്പുന്ന ഏതു ചരിത്ര കുതുകിയ്ക്കും ഇവിടം ഒരു തീര്‍ത്ഥാടനസ്ഥലി തന്നെ.
(ഫോട്ടോകള്‍ക്ക് മകള്‍ അഷിതയോടു കടപ്പാട്)