ചാകര തീര്‍ത്ത് ചൂണ്ടയിടല്‍ മത്സരം

Kozhikode

കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവല്‍ മൂന്നാം സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച ചൂണ്ടയിടല്‍ മത്സരത്തില്‍ മത്സ്യ ചാകര തീര്‍ത്ത് മത്സരാര്‍ത്ഥികള്‍. പ്രദേശവാസികളും സ്ഥിരമായി ചൂണ്ടയിടുന്നവരുമായ മത്സരാര്‍ത്ഥികള്‍ക്കായി ബേപ്പൂര്‍ പുലിമുട്ടിന് സമീപമായിരുന്നു ചൂണ്ടയില്‍ മത്സരം. ഒരു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ പങ്കെടുത്തവരില്‍ മിക്കയാളുകള്‍ക്കും നിരവധി മീനുകള്‍ ലഭിച്ചു.

ലഭ്യമാവുന്ന മത്സ്യത്തിന്റെ തൂക്കം അനുസരിച്ചാണ് വിജയിയെ കണ്ടെത്തിയത്. തദ്ദേശവാസികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ വിവിധ തരത്തിലുള്ള ചൂണ്ടകള്‍ ഉപയോഗിച്ചാണ് മത്സരാര്‍ഥികള്‍ പങ്കെടുത്തത്. വാമീന്‍ എന്ന മത്സ്യമാണ് കൂടുതലും ലഭിച്ചത്.

കോതിപ്പാലം സ്വദേശി കെ ടി ആരിഫ് ഒന്നാം സ്ഥാനവും പി മുഹമ്മദ് അര്‍ഷാദ് രണ്ടാം സ്ഥാനവും നടക്കാവ് സ്വദേശി വി വലീദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം 10,000 രൂപ, 5,000 രൂപ, 3,000 രൂപ എന്നിങ്ങനയാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക.