കുടുംബ വ്യവസ്ഥയെ തകര്‍ക്കുന്ന നാസ്തികത മാനവികതയ്ക്ക് അപകടകരം: അഡ്വ. ടി സിദ്ധീഖ് എം എല്‍ എ

Wayanad

കല്പറ്റ: കുടുംബ വ്യവസ്ഥയെ തകര്‍ക്കുന്ന നാസ്തികത മാനവികതയ്ക്ക് അപകടകരമാണെന്ന് അഡ്വ. ടി സിദ്ധീഖ് എം എല്‍ എ പറഞ്ഞു. കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യാരംഭം മുതല്‍ തന്നെ കുടുംബ വ്യവസ്ഥയില്‍ ജീവിക്കുന്ന സാമൂഹ്യ ജീവിയാണ് മനുഷ്യന്‍. എന്നാല്‍ ഉദാര ലൈംഗികതയ്ക്കു വേണ്ടി കുടുംബ വ്യവസ്ഥയെ തകര്‍ക്കുകയാണ് നാസ്തികതയുടെ വാക്താക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുക്തിരഹിതമായ കാര്യങ്ങളെ പ്രതിരോധിക്കലായിരുന്നു മുന്‍കാല നാസ്തികരുടെ പ്രവര്‍ത്തന മേഖലയെങ്കില്‍ ഇപ്പോള്‍ നാസ്തികത കുടുംബ വ്യവസ്ഥയെപ്പോലും നശിപ്പിച്ചു കൊണ്ട് മാനവികതയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഇത് അപകടകരമാണന്നും അഡ്വ. ടി സിദ്ധീഖ് എം എല്‍ എ അഭിപ്രായപ്പെട്ടു.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ വയനാട് ജില്ലാ പ്രസിഡന്റ് എസ് അബ്ദുസ്സലീം മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ സൈതലവി എഞ്ചിനീയര്‍, ഇര്‍ഷാദ് സ്വലാഹി, ഡോ. അഷ്‌റഫ് കല്പറ്റ, അബ്ദുള്‍ ഹക്കീം അമ്പലവയല്‍, അബ്ദുള്‍ ജലീല്‍ മദനി, കെ അബ്ദുസ്സലാം മുട്ടില്‍, ബശീര്‍ സ്വലാഹി, ഹാസില്‍ കുട്ടമംഗലം എന്നിവര്‍ പ്രസംഗിച്ചു.