കൊച്ചി: ഇലന്തൂര്‍ നരബലി കേസിന്റെ ആദ്യ കുറ്റപത്രം പൊലീസ് തയാറാക്കി. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികളുമുണ്ട്. ജനുവരി രണ്ടാം വാരം പ്രതികള്‍ അറസ്റ്റിലായി 90 ദിവസം തികയുമെന്നതിനാല്‍ പുതുവര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ കുറ്റപത്രം നല്‍കും. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണ സംഘം ചേര്‍ത്തിരിക്കുന്നത്.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച നരബലി സംഭവത്തില്‍ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തമിഴ്‌നാട് സ്വദേശിനി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം. ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു പ്രതികളെ പ്രേരിപ്പിച്ച മുഹമ്മദാ ഷാഫിയാണ് കേസിലെ ഒന്നാം പ്രതി.
ഇലന്തൂരിലെ ഭഗവല്‍ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകല്‍, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങി നിരവധിക്കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പദ്മയെ കൊലപ്പെടുത്തിയ ശേഷം മുഖ്യ പ്രതി ഷാഫിയുടെ പ്രേരണയില്‍ മനുഷ്യമാംസം കറിവെച്ച് കഴിച്ചതാണ് വധശിക്ഷ കിട്ടാവുന്ന അപൂര്‍വ സംഭമായി പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്.