കൊണ്ടോട്ടി: ഫെബ്രുവരി 10 മുതല്‍ 18 വരെ കരിപ്പൂര്‍ വെളിച്ചം നഗരിയില്‍ നടക്കുന്ന KIDSPORT എഡ്യുടെയ്ന്‍മെന്റ് പാര്‍ക്കിന് വേണ്ടി വിപുലമായ പവലിയന്‍ ഒരുങ്ങുന്നു. 15000 ചതുരശ്ര അടി വലിപ്പമുള്ള പ്രത്യേക പവലിയനില്‍ നടക്കുന്ന കിഡ്‌സ്‌പോര്‍ട്ടില്‍ 5 വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം.
വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ ആകര്‍ഷകമായ കാഴ്ചകള്‍, ഗെയിമുകള്‍, പ്ലേലാന്‍ഡ്, എക്‌സ്‌പോ, മത്സരങ്ങള്‍, അവതരണങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങി നിരവധി വിഭവങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
ഫെബ്രുവരി 10 മുതല്‍ 18 വരെ നടക്കുന്ന കിഡ്‌സ് പോര്‍ട്ടില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.00 മണിക്കും മറ്റു ദിവസങ്ങളില്‍ രാവിലെ 11.00 മണിക്കും പ്രവേശനം ആരംഭിക്കും. എല്ലാ ദിവസവും രാത്രി 8.00 മണി വരെയാണ് പ്രവേശനം. കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 1 മുതല്‍ വെബ്‌പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
കുട്ടികള്‍ക്ക് മാത്രമാണ് കിഡ്‌സ്‌പോര്‍ട്ടിലേക്ക് പ്രവേശനം. ടീം ഗൈഡുമാര്‍, ഡെമോന്‍സ്‌ട്രേറ്റര്‍മാര്‍ വെല്‍ഫെയര്‍ ടീം, സാങ്കേതിക വിദഗ്ദ്ധര്‍, ആരോഗ്യ വിദഗ്ദര്‍ ഉള്‍പ്പടെ പരിശീലനം നേടിയ 500 ലധികം വളണ്ടിയര്‍മാര്‍ കിഡ്‌സ്‌പോര്‍ട്ടില്‍ സേവനം ചെയ്യും.
‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് കരിപ്പൂര്‍ വെളിച്ചം നഗരിയില്‍ കുട്ടികള്‍ക്ക് വേണ്ടി വിജ്ഞാനവും വിനോദവും സമ്മേളിക്കുന്ന ഈ പുതുമയാര്‍ന്ന ‘ഇന്‍ഫോ ടൈന്‍മെന്റ് പോര്‍ട്ട് ‘ ഒരുക്കുന്നത്.
കിഡ്‌സ്‌പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന വളണ്ടിയര്‍ സംഗമം എം.എസ്.എം സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ് ഉദ്ഘാടനം ചെയ്തു. മൂന്നാം ഘട്ട വളണ്ടിയര്‍ പരിശീലനത്തിന് ചെയര്‍മാന്‍ നബീല്‍ പാലത്ത് നേതൃത്വം നല്‍കി. റിയാസ് എടത്തനാട്ടുകര, ഫാത്തിമ ഹിബ, നിഷ്ദ രണ്ടത്താണി തുടങ്ങിയവര്‍ സംസാരിച്ചു.