മുജാഹിദ് സംസ്ഥാന സമ്മേളനം: പ്രപഞ്ചാത്ഭുതങ്ങളുടെ ദൃശ്യവിസ്മയമൊരുക്കുന്ന ദി മെസേജ് പ്രദർശനം 9ന് കരിപ്പൂരിൽ തുടങ്ങും

Kerala

വെളിച്ചംനഗർ(കരിപ്പൂർ) : വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി വരുന്ന 15, 16, 17, 18 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ‘ദി മെസേജ് സയൻസ് എക്സിബിഷൻ ‘ 9 ന് വെള്ളിയാഴ്ച കരിപ്പൂർ വെളിച്ചം നഗറിൽ ആരംഭിക്കും.

പ്രപഞ്ച വിസ്മയങ്ങളുടെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി അറിവിന്റെ വിശാലതയിലേക്ക് ആനയിക്കുന്ന ദി മെസേജ് സയൻസ് എക്സിബിഷൻ പത്ത് ദിവസം നീണ്ടു നില്ക്കും.പത്ത് പ്രദർശന പവലിയനുകളായി വിശാലമായ എയർ കണ്ടീഷൻഡ് ജർമൻ ടെക്നോളജി പന്തൽ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.

പ്രകൃതി പ്രതിഭാസങ്ങൾ, സമുദ്രാന്തർഭാഗങ്ങളുടെ അത്ഭുതാവഹമായ കാഴ്ചകൾ നേർ കാഴ്ചകളാക്കി മാറ്റുന്ന വെർച്വൽ റിയാലിറ്റി ഷോ ,3D തിയറ്റർ, ആകാശ ലോകത്തിന്റെ വിസ്മയ കാഴ്ചകളൊരുക്കുന്ന അസ്ട്രോണമിക്കൽ തിയറ്റർ, മനുഷ്യ ശരീരത്തിന്റെ ശാസ്ത്രീയ പ്രതിഭാസങ്ങളിലേക്ക് അറിവും കാഴ്ചയുമായി മെഡിക്കൽ പവലിയൻ, ശാസ്ത്ര ലോകത്തിന്റെ സുവർണ കാലഘട്ടത്തിലെ മുസ്ലിങ്ങളുടെ പങ്കിനെ വരച്ചു കാണിക്കുന്ന ശാസ്ത്ര ചരിത്ര പവലിയൻ, ജീവജാലങ്ങൾക്ക് കാഴ്ച നല്കുന്ന കണ്ണിന്റെ ശാസ്ത്ര വിസ്മയം വിവരിക്കുന്ന വിഷൻ എക്സ്പോ , പ്രപഞ്ച സൃഷ്ടിപ്പിന്റെ പിന്നിലെ ദൈവീക ശക്തി അനാവരണം ചെയ്യുന്ന വേദ വെളിച്ചം പവലിയൻ, പ്രവാചകന്റെ മാതൃകാ ജീവിതം പ്രമാണബദ്ധമായി ദൃശ്യവത്കരിക്കുന്ന പവലിയൻ, ആശയും പ്രതീക്ഷയും നല്കുന്ന ജീവിത വിജയത്തിന്റെ സ്റ്റേഹം സമ്മാനിക്കുന്ന ‘ഹാപ്പിനസ് കൗണ്ടർ’ തുടങ്ങി പത്ത് സ്റ്റാളുകളിലായാണ് പ്രദർശനമുണ്ടാവുക.

വിവിധ കാമ്പസുകളിൽ നിന്ന് തെരഞ്ഞെടുത്ത ആയിരത്തി അറുനൂറ് പ്രത്യേകം പരിശീലനം നല്കിയ വിദ്യാർത്ഥികൾ ഡമോൻസ്ട്രേറ്റർമാരും വളണ്ടിയർമാരുമായി രണ്ട് ഷിഫ്റ്റുകളിലായി പ്രദർശനത്തിന് നേതൃത്വം നല്കും.

വെള്ളിയാഴ്ച വൈകീട്ട് 4 ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്റാഹീം എം.എൽ.എ മുഖ്യാതിഥിയാവും. ഡോ. മുബശ്ശിർ പാലത്ത് അദ്ധ്യക്ത വഹിക്കും.

വിവിധ പവലിയനുകൾ കെ.എൻ.എം മർകസുദ്ദഅവ പ്രസിഡന്റ് ഡോ. ഇ.കെ അഹ്മദ് കുട്ടി, കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് പ്രൊഫ.എ. അബ്ദുൽ ഹമീദ് മദീനി, ജന:സെക്രട്ടറി ഡോ. കെ.ജമാലുദ്ദീൻ ഫാറൂഖി, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ. എൽ.പി യൂസുഫ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.എക്സിബിഷൻ നഗരിയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമായിരിക്കും.
പ്രദർശനം ദിവസവും കാലത്ത് 11 മുതൽ വൈകീട്ട് 8 മണി വരെ നീണ്ടു നില്ക്കും. 16-ന് വെള്ളിയാഴ്ച സമാപിക്കും.https://www.themessage.co.in എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി ദിവസവും സമയവും റജിസ്റ്റർ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.