ധനവര്‍ത്തമാനം / ജോസ് സെബാസ്റ്റ്യന്‍
ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നവരായിരിക്കണം രാഷ്ട്രീയത്തില്‍ പ്രവേശിക്കേണ്ടത് എന്ന ധാരണ ശക്തമാണ്. ജനങ്ങള്‍ പൊതുവെ ദരിദ്രരാ യിരിക്കുമ്പോള്‍ അവരുടെ ഇടയില്‍നിന്നും വരുന്ന ദരിദ്രരെ നേതാക്കള്‍ ആവുകയുള്ളല്ലോ ?
പക്ഷെ ഈ നേതാക്കള്‍ രാഷ്ട്രീയത്തിലിരുന്ന് പണക്കാരാവുന്നത് എങ്ങനെയെന്ന് ഈ പാവങ്ങള്‍ക്ക് അറിയില്ല. അവര്‍ എന്തെങ്കിലും വ്യവസായം നടത്തുകയാന്നും ചെയ്യുന്നുണ്ടാവില്ല. ചിലരുടെ മക്കള്‍ വ്യവസായികളായി, അവിഹിതമായി ഉണ്ടാകുന്ന പണം വിഹിതമായി മാറ്റും. ചിലരുടെ മക്കള്‍ ഇതൊന്നുമില്ലാതെ പണക്കാരായി മാറും. പക്ഷെ ഇവരെ തമ്മില്‍ തിരിച്ചറിയാന്‍ മാര്‍ഗം ഇല്ല.
മക്കള്‍ ഇതൊന്നും ചെയ്യാത്ത ദരിദ്രര്‍ ആയി തുടങ്ങിയ രാഷ്ട്രീയക്കാര്‍ പോലും വര്‍ഷങ്ങള്‍ കൊണ്ട് വലിയ പണക്കാര്‍ ആയി ഫ്‌ലാറ്റുകളും വില്ലകളും സമ്പാദിക്കുന്നത് എങ്ങിനെയെന്ന് ചിന്തിക്കാനൊന്നും സാക്ഷരത കുറഞ്ഞ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു ശേഷിയില്ലല്ലോ എന്ന് സമാധാനിക്കാം. MLA അല്ലെങ്കില്‍ MP എന്ന നിലയില്‍ കിട്ടുന്ന ശമ്പളവും അലവന്‍സുകളുമാണ് എന്നല്ലേ അവര്‍ക്കു ചിന്തിക്കാന്‍ ആവൂ. അല്ലെങ്കില്‍ തന്നെ തങ്ങള്‍ക്കു പലവിധ സൗജന്യങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന ‘ ദേശ് കി നേതാ ‘ യെ എന്തിന് സംശയിക്കണം?
കേരളം പക്ഷെ ഇതില്‍നിന്നെല്ലാം വ്യത്യസ്തമാ വേണ്ടതായിരുന്നു. കാരണം ഉയര്‍ന്ന രാഷ്ട്രീയ ബോധവും സാക്ഷരതയും. എന്നാല്‍ കേരളത്തില്‍ ഇതിന്റെ പേരില്‍ നേതാക്കളെ വേര്‍തിരിച്ചുനിര്‍ത്തുന്ന പതിവൊന്നുമില്ല. മറിച്ച് രാഷ്ട്രീയത്തില്‍നിന്നു പത്തു പുത്തന്‍ സമ്പാദിക്കാത്തവന്‍ മണ്ടന്‍ എന്നാണ് സമൂഹം ചിന്തിക്കുന്നത്. തൃശ്ശൂരില്‍ പെയിന്റിംഗ് പഠിക്കാന്‍ എത്തിയ നേതാവിന്റെ മക്കളും കോട്ടയം ജില്ലയില്‍ ഒന്നര ഏക്കര്‍ കുടുംബസ്വത്ത് വിഹിതം കിട്ടിയ നേതാവിന്റെ മക്കളും ശതകോടീശ്വരന്മാരല്ലേ? അങ്ങനെ ചെറുതും വലുതുമായ എത്രയോ ഉദാഹരണങ്ങള്‍. പല തവണ പറഞ്ഞിട്ടുള്ള ധനമിഥ്യ ( Fiscal illusion) ആണിതിനൊരു കാരണം.
കഴിഞ്ഞ ദിവസം, കേരളത്തിലെ ഒരു വലിയ വ്യവസായിയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനുമായ വ്യക്തിയുമായി സംസാരിക്കുവാന്‍ അവസരം കിട്ടി. പുള്ളി പറഞ്ഞു, ‘ എനിക്ക് രാഷ്ട്രീയത്തില്‍ നിന്ന് ഒന്നും നേടാനില്ല. പത്തു തലമുറയ്ക്ക് കഴിയാനുള്ളത് ഞാന്‍ സമ്പാദിച്ചിട്ടുണ്ട്’.
വിദേശ രാജ്യങ്ങളിലൊക്കെ അവിടുത്തെ ഏറ്റവും സമ്പന്നരാണ് രാഷ്ട്രീയത്തില്‍ വരുന്നത്. USA യില്‍ എത്രയോ ഉദാഹരണങ്ങള്‍. UK, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നിവിടങ്ങളിലുമുണ്ട്, ധാരാളം ഉദാഹരണങ്ങള്‍.
സ്വാതന്ത്ര്യം കിട്ടിയ സമയത്തു ഇന്ത്യയിലും ഇതാണ് സംഭവിച്ചത്. നെഹ്‌റു തന്നെ ഒരിടത്തരം സമ്പന്നനായിരുന്നു. ടി. ടി കൃഷ്ണമാചാരിയെപ്പോലുള്ള വ്യവസായികള്‍ മന്ത്രിസഭയിലേക്ക് വന്നു. കേരളത്തിലേക്ക് വരികയാണെങ്കില്‍ ഇടതുപക്ഷം സൃഷ്ടിച്ച ബൂര്‍ഷ്വാ ഇമേജ് എക്കാലത്തും വ്യവസായികളെ രാഷ്ട്രീയത്തിനിന്നകറ്റി നിര്‍ത്തി. ആദ്യകാലത്തു രാഷ്ട്രീയത്തിലൂടെ പണക്കാരായവര്‍ വളരെ കുറവായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, പ്രത്യേകിച്ച് CPM പോലുള്ളവ സൃഷ്ടിച്ച മാതൃകകള്‍ മറ്റ് പാര്‍ട്ടികളുടെ മേല്‍ ചെലുത്തിയ സമ്മര്‍ദം ആയിരുന്നു ഒരു കാരണം. കിട്ടുന്ന ശമ്പളത്തിന്റെയും അലവന്‍സിന്റെയും ഒരു ഭാഗം levy ആയി പോകും. എത്രയോ കാലം MP ആയിരുന്ന AKG, മുഖ്യമന്ത്രി ആയിരുന്ന അച്യുതമേനോന്‍ തുടങ്ങിയവര്‍ ഉദാഹരണം. ഇന്ന് ആ സ്ഥിതി മാറി. അഴിമതിയിലൂടെ സമാഹരിക്കുന്ന കറുത്ത പണം മക്കളുടെ സംരംഭങ്ങളിലൂടെ വെളുപ്പിച്ചു എടുക്കുന്ന പരിപാടി ഒട്ടും കുറവല്ല. മറ്റു പാര്‍ട്ടികളില്‍ പറയാനുമില്ല.
രാഷ്ട്രീയത്തിലൂടെ ഒന്നും സമ്പാദിക്കേണ്ട ആവശ്യം ഇല്ലാത്ത വ്യവസായികളും സംരംഭകരും രാഷ്ട്രീയത്തിലേക്കു കടന്നുവരേണ്ട കാലം ആയിരിക്കുന്നു. എങ്കില്‍ മാത്രമേ രാഷ്ട്രീയം ഒരു സ്വയംതൊഴിലും വ്യവസായവുമായി കാണുന്നവരെ ഈ രംഗത്തില്‍നിന്നും ഒഴിവാക്കാന്‍ കഴിയുകയുള്ളു.