കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കോളേജിലെ എസ് എഫ് ഐ നേതാക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് പിതാവ് ജയപ്രകാശ്. സഹപാഠികള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും പിതാവ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മരിക്കുന്ന ദിവസവും ഫോണില്‍ സംസാരിച്ച സിദ്ധാര്‍ത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ഷീബയും പറയുന്നത്.
അതിനിടെ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പൂക്കോട് വെറ്ററിനറി കോളേജില്‍ ജീവനൊടുക്കിയ രണ്ടാംവര്‍ഷ ബി.വി.എസ്‌സി. വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ നേരിട്ടത് സമാനതകളില്ലാത്ത, പ്രാകൃതമായ ആള്‍ക്കൂട്ടവിചാരണ. സിദ്ധാര്‍ഥനെ നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ കഴുത്തില്‍ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്. ഇലക്ട്രിക് വയറുകൊണ്ട് കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചെന്ന് സഹപാഠികള്‍ മൊഴിനല്‍കിയിരുന്നു. ഇലക്ട്രിക് വയറുകൊണ്ട് കഴുത്തിന് മുറുക്കിയതുകൊണ്ടാവാം മുറിവുപറ്റിയതെന്ന് സംശയിക്കുന്നു. വിദ്യാര്‍ഥിയുടെ വയര്‍, നെഞ്ച് എന്നിവിടങ്ങളില്‍ കാല്പാടുകളും കാലിന്റെ തള്ളവിരലും പതിഞ്ഞതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
സിദ്ധാര്‍ത്ഥിന്റെ കുടലിനും പരിക്കുപറ്റിയിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇലക്ട്രിക് വയറിനുപുറമേ ബെല്‍റ്റുകൊണ്ടും മര്‍ദിച്ചിട്ടുണ്ട്. ബെല്‍റ്റിന്റെ ബക്കിള്‍കൊണ്ട പാടുകളാണ് ശരീരത്തിന്റെ പലഭാഗങ്ങളിലുമുള്ളത്. കസേരയില്‍ ഇരുത്തിയോ മറ്റോ മര്‍ദിച്ചശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാവാനുള്ള സാധ്യതകളുമുണ്ടെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നു. കവിളിന്റെ രണ്ടുഭാഗത്തും പിടിച്ചതിന്റെ പാടുകള്‍ കാണാമായിരുന്നു.
തലയുടെ പുറകുഭാഗത്തും ചുമലിലും പരിക്കേറ്റിട്ടുണ്ട്. തലയുടെ പുറകിലാണ് സാരമായ പരിക്കുള്ളത്. തള്ളിയപ്പോള്‍ നിലത്തുവീണ് പറ്റിയതാവാമിതെന്ന് കരുതുന്നു. ചെറുപ്പമായതുകൊണ്ടാണ്, അല്ലെങ്കില്‍ ചവിട്ടേറ്റ് വാരിയെല്ല് തകര്‍ന്നുപോവുമായിരുന്നെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നത്. അതുതന്നെ ജീവന്‍ നഷ്ടമാവുന്നതിന് കാരണമാവുമായിരുന്നു. 12 പേരാണ് കേസിലെ പ്രതികളെങ്കിലും അതില്‍ കൂടുതല്‍ ആളുകള്‍ പങ്കാളിയായിട്ടുണ്ടാവുമെന്നാണ് സൂചന. അത്രയ്ക്കും മര്‍ദനമേറ്റ് ചതഞ്ഞ് അവശനായിരുന്നു സിദ്ധാര്‍ഥന്‍.
15നാണ് കോളേജില്‍നിന്ന് സിദ്ധാര്‍ഥന്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചത്. പക്ഷേ, എറണാകുളത്തെത്തിയപ്പോള്‍ വളരെ അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് മറ്റൊരു സഹപാഠി വിളിച്ചുവരുത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളായ ഇഹ്‌സാനാണ് വിളിച്ചുവരുത്തിയത്. ഇത് കൃത്യമായ ആസൂത്രണത്തിനു തെളിവാണ്. 16ന് കോളേജില്‍ എത്തിയതുമുതല്‍ ഹോസ്റ്റലിലും കോളേജിനു പിറകിലെ കുന്നിന്‍മുകളിലുമെല്ലാംവെച്ച് മൂന്നുദിവസം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്.
കോളേജ് ഹോസ്റ്റലില്‍ നൂറ്റിമുപ്പതോളം വിദ്യാര്‍ഥികള്‍ക്കിടയില്‍വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഒരുദിവസം അര്‍ധരാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് സിദ്ധാര്‍ഥന്റെ കരച്ചില്‍ കേട്ടതായും സഹപാഠികള്‍ മൊഴിനല്‍കിയിട്ടുണ്ട്. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ ഇവര്‍ ക്രൂരതകാട്ടിയെന്ന് സിദ്ധാര്‍ഥന്റെ അമ്മാവന്‍ അഖില്‍ പറയുന്നു. ഇത്രയും സംഭവങ്ങളുണ്ടായിട്ടും എന്തുകൊണ്ട് കോളേജ് അധികൃതര്‍ അറിഞ്ഞില്ലെന്നാണ് കുടുംബം ചോദിക്കുന്നത്.
ആരും സഹായിക്കുകയോ, ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ലന്നും പരാതിയുണ്ട്. ഭയന്നിട്ടാണ് സഹായിക്കാതിരുന്നതെന്നാണ് ചില വിദ്യാര്‍ഥികള്‍ പറയുന്നത്.മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സിദ്ധാര്‍ഥിന്റെ രക്ഷിതാക്കള്‍. മകന്‍ മരിച്ച വിവരം കോളേജില്‍ നിന്ന് ഔദ്യോഗികമായി വിളിച്ച് പറഞ്ഞിരുന്നില്ലെന്നും അവിടെത്തന്നെ പി.ജിക്ക് പഠിക്കുന്ന മറ്റൊരു ബന്ധുവാണ് ഇക്കാര്യം അറിയിച്ചതെന്നും സിദ്ധാര്‍ഥിന്റെ ബന്ധുക്കള്‍ പറയുന്നു.