കൽപ്പറ്റ : സ്വന്തം വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ഒരു വീടുണ്ടാക്കാമെന്ന് പ്രവർത്തിയിലൂടെ കാണിച്ചു തരികയാണ് വയനാട് ജില്ലയിലെ ഹയർ സെക്കന്ററി എൻ എസ് എസ് വൊളണ്ടിയർമാർ. പഴയ പാത്രങ്ങൾ, പത്രങ്ങൾ, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക് തുടങ്ങിയവയെല്ലാം ശേഖരിച്ച് വിറ്റ് 54 എൻ എസ് എസ് യൂണിറ്റുകൾ സമാഹരിച്ചത് സഹപാഠിക്ക് ഒരു വീടുണ്ടാക്കാനുള്ള തുകയാണ് . പനമരം പഞ്ചായത്ത് വാർഡ് 19 പാലുകുന്നിൽ താമസിക്കുന്ന സ്വന്തമായി വീടില്ലാത്ത കുടുംബത്തിനാണ് എൻ എസ് എസ് സ്നേഹഭവനം ഒരുക്കിയത്. മൂന്നര മാസം മുമ്പ്,ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പർ ബിന്ദു പ്രകാശ് , നാഷണൽ സർവീസ് സ്കീം ജില്ലാ കോഡിനേറ്റർ ശ്യാൽ കെ.എസ് എന്നിവർ ചേർന്ന് തറക്കല്ലിടൽ നടത്തിയ ഗൃഹനിർമാണം മനോഹരമായ രീതിയിൽ പൂർത്തിയാക്കി .ജില്ലയിലെ 6 ക്ലസ്റ്റർ കൺവീനർമാരുടെയും 54 പ്രോഗ്രാം ഓഫീസർമാരുടെയും വൊളണ്ടിയർമാരുടെയും നിരന്തര ഇടപെടലുകൾ ഗൃഹനിർമാണത്തിന് ഊർജ്ജമായി. 850 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടാണ് നിർമ്മിച്ചത്. തരുവണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് ലീഡറിൻ്റെ കുടുംബത്തിനാണ് മൂന്നു മുറികളും, അടുക്കളയും, ഹാളും,പൂമുഖവുമുള്ള സ്നേഹ ഭവനം എൻഎസ്എസ് ഒരുക്കിയത് .
വീടിന്റെ ഔപചാരികമായ താക്കോൽ കൈമാറൽ മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ഒ ആർ കേളു നിർവഹിച്ചു.പനമരം പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ പി എം അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ,ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ എം ,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് ,വാർഡ് മെമ്പർ രജിത വിജയൻ ,എൻഎസ്എസ് ഉത്തരം മേഖല കൺവീനർ മനോജ് കുമാർ കെ,ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്ണൻ എം കെ,എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് ഓഫീസർ അനിൽകുമാർ വി ,തരുവണ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജെസ്സി എം ജെ,കരിയർ ഗൈഡൻസ് ജില്ലാ കൺവീനർ സിമിൽ കെ ബി,എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ സാജിദ് പി കെ , മുൻ എൻ എസ് എസ് ജില്ലാ കൺവീനർ ജോസഫ് എം.ജെ, എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അശോകൻ സി , ജില്ലയിലെ ക്ലസ്റ്റർ കൺവീനർമാർ,പ്രോഗ്രാം ഓഫീസർമാർ , വൊളണ്ടിയർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളിൽ സമൂഹ സേവനവും, വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്കീം അതിന്റെ പ്രവർത്തന പദ്ധതികളിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള പദ്ധതിയായി വിഭാവനം ചെയ്യുന്നത് നിരാലംബരുടെ ആവശ്യാർത്ഥമുള്ള ഗൃഹനിർമാണത്തിനാണ്. വയനാട്ടിലെ കൗമാരക്കാരായ പുതു തലമുറയ്ക്ക് എന്നും അഭിമാനിക്കാവുന്നതും ഓർത്തു വയ്ക്കാവുന്നതുമായ ഈ പദ്ധതിയുടെ ഗുണഭോക്താവ് ഒരു സഹപാഠിയാണെന്നതും ശ്രദ്ധേയമാണ്