ഭാര്യയേയും മക്കളേയും കൊന്ന ശേഷം പുലരും വരെ ജെയ്‌സണ്‍ പാട്ടും കേട്ടിരുന്നു, പാലായിലെ കുടുംബത്തിന്‍റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍

Kottayam

കോട്ടയം: പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മെറിനുമായുള്ള വിവാഹത്തിന് മുമ്പ് ജെയ്‌സണ്‍ പീഡന കേസിലെ പ്രതിയാണെന്നതും കൊലപാതക ശേഷം മുതല്‍ ജെയ്‌സണ്‍ മരിക്കുന്നതുവരെയുള്ള ചില കാര്യങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. ഇതുപ്രകാരം രാത്രി 12 മണിയോടെ ജെയ്‌സണ്‍ ഭാര്യ മെറീനയെ തലക്കടിച്ചുകൊല്ലുന്നു. പിന്നാലെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചും കൊന്നു.

ശേഷം, അഞ്ച് പേരും അടങ്ങുന്ന കുടുംബചിത്രം ജെയ്‌സണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു. അതുകഴിഞ്ഞ് നേരം വെളുക്കും വരെ ജെയ്‌സണ്‍ പാട്ട് കേട്ട് ആസ്വദിച്ചിരുന്നു. അതും മൃതദേഹങ്ങള്‍ക്കരികെ. രാവിലെ 7 മണി വരെ ഇത് തുടര്‍ന്നു. ശേഷം സഹോദരനെ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജെയ്‌സണും തൂങ്ങി മരിക്കുകയായിരുന്നു.

ഇളങ്ങുളം കളരിയ്ക്കല്‍ കുടുംബാംഗമായ മെറീനയ്ക്ക് 28 വയസും ജെയ്‌സണ് 42 വയസുമാണ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. കട്ടപ്പനയില്‍ മെറീന നഴ്‌സിംഗിന് പഠിക്കുന്ന കാലത്തായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. മെറീനയുടെ കൂട്ടുകാരിയുടെ വാഹനത്തിലെ ഡ്രൈവറായ ജെയ്‌സണ്‍ മെറീനയെ സ്ഥിരമായി കാണുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.

സാമ്പത്തികമായി ഉയര്‍ന്ന പശ്ചാത്തലത്തിലുള്ള മെറീനയുടെ കുടുംബം ഇരുവരുടേയും ബന്ധത്തെ ശക്തമായി തന്നെ എതിര്‍ത്തിരുന്നു. ജെയ്‌സന്റെ കുടുബ പശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും പ്രായവുമെല്ലാം എതിര്‍പ്പിന് കാരണമായി.

ഏറെ നാളുകള്‍ക്ക് ശേഷം വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മെറീന ജെയ്‌സന്റെ കൂടെ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേ നാട്ടില്‍ തന്നെ ഇരുവരും താമസം തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ കുടുംബപ്രശ്‌നങ്ങളെ ചൊല്ലി നിരന്തരം ബഹളമുണ്ടാവാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. ജെയ്‌സണ് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്നുമാണ് വിവരം.

കൂടാതെ ജെയ്‌സണ്‍ വിവാഹത്തിന് മുമ്പ് പീഡന കേസിലെ പ്രതിയായിരുന്നതായും വ്യക്തമാണ്. ഈ വിവരം മെറീന അറിയാനിടയായതും പലപ്പോഴും വഴക്കുകള്‍ക്ക് വഴിവെച്ചിരിക്കാമെന്നുമാണ് പൊലീസ് അനുമാനം. ഇവരുടെ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്ന മെറീനയുടെ വീട്ടുകാര്‍ ഇവര്‍ മരണപ്പെട്ടപ്പോഴും സംസ്‌ക്കാര ചടങ്ങുകള്‍ക്ക് എത്തിയില്ല.