റോസ്ഗാർ ഉത്സവിൽ നിറഞ്ഞാടി മംഗലാട്

Kozhikode

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ സംഘടിപ്പിച്ച റോസ് ഗാർ ഉത്സവ് വാർഡ് മെമ്പർ എ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി ദാരിദ്ര നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ളതായത് കൊണ്ട് തൊഴിലാളികൾക്ക് പട്ടിണിയില്ലാതെ കഴിഞ്ഞു കൂടാനുള്ള സാഹചര്യമാണ് വാർഡിൽ ഉണ്ടാക്കിയെടുക്കുന്നത്. ഈ വർഷം തൊഴിലെടുക്കാൻ വന്ന മുഴുവൻ പേരെയും 100 തൊഴിൽ ദിനം പൂർത്തീകരിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ട്. വ്യക്തിഗത ആനുകൂല്യങ്ങളായ പതിമൂന്ന് തൊഴുത്തും മൂന്നോളം കിണറുകളും ഉൾപ്പെടെ 28 ലക്ഷത്തോളം രൂപയുടെ പ്രവർത്തി നടന്നുവരികയാണ്. രണ്ട് റോഡുകൾ പണി പൂർത്തീകരിച്ചത് വാർഡിന് അഭിമാനകരമാണെന്ന് മെമ്പർ പറഞ്ഞു. നവംബർ മാസത്തിൽ 100 തൊഴിൽ ദിനം പൂർത്തീകരിച്ച നളിനി വടക്കയിൽ, ശാന്ത മഞ്ചക്കണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വികസന സമിതി അംഗം എം.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അക്കരോൽ അബ്ദുള്ള, കുന്നിൽ രമേശൻ മാസ്റ്റർ, ശങ്കരൻ പൊതുവാണ്ടി, ദീപ തിയ്യർകുന്നത്ത് , ഷൈനി വെള്ളോടത്തിൽ, ഷിംന കുന്നിൽ, അംഗൻവാടി ടീച്ചർ റീന തുടങ്ങിയവർ സംസാരിച്ചു. സതി തയ്യിൽ സ്വാഗതവും മോളി പട്ടേരിക്കുനി നന്ദിയും പറഞ്ഞു. തുടർന്ന് അംഗൻവാടി കുട്ടികളുടെയും , തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാങ്ങളുടെയും , നാട്ടുകാരുടെയും വിവിധ കലാപരിപാടികളും ബിജേഷ്കുമാർ ടി.ടി, കലേഷ് എ.ടി എന്നിവരുടെ സംഗീത നിശയും നടന്നു. പങ്കെടുത്ത മുഴുവൻ പേർക്കും കാണികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.