കടവത്തൂർ: സെന്‍റോഫ് ആഘോഷം ‘സഹജീവി സ്നേഹമെന്ന’ പഠനനേട്ടമാക്കി പഠനോത്സവത്തിന് പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽചെയറും വാക്കറിനുള്ള തുകയും കൈമാറി കടവത്തൂർ വെസ്റ്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ മാതൃകയായി.
സെന്‍റോഫ് ആഘോഷത്തെക്കുറിച്ച് കുട്ടികൾ ചോദിച്ചപ്പോൾ “സേവനത്തിനായി ചിലവഴിച്ചു കൂടെ”എന്ന അധ്യാപകരുടെ നിർദ്ദേശം കുട്ടികൾ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് ചോക്ലേറ്റിനായി മാറ്റിവച്ചതും, തൂത്തിയിൽ കരുതി വെച്ചതുമായ ചെറിയ തുകയും നാണയത്തുട്ടുകളും ഏഴാം ക്ലാസിലെ നാല് ഡിവിഷനുകളിലെ ക്ലാസ് ലീഡേഴ്സും ഡപ്യൂട്ടി ലീഡേഴ്സും ചേർന്ന് ശേഖരിച്ച് അധ്യാപകരെ ഏൽപിക്കുകയുണ്ടായി. ഉപ്പ പൈസ നൽകാൻ തുനിഞ്ഞപ്പോൾ “വേണ്ട ഉപ്പാ, ഇതിന് എൻ്റെ പണം തന്നെ എനിക്ക് കൊടുക്കണം” എന്ന് പറഞ്ഞ മിടുക്കി സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയായി.
ഇന്നലെ സ്കൂളിൽ നടന്ന പഠനോത്സവത്തിൻ്റെ ഉദ്ഘാടന വേളയിൽ ക്ലാസ് പ്രതിനിധികൾ ചേർന്ന് കടവത്തൂരിലെ ശിഹാബ് തങ്ങൾ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ കൺവീനർ നാസർ പുത്തലത്തിന് വീൽചെയറും വാക്കറിനുള്ള തുകയും കൈമാറി. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നല്ലൂർ ഇസ്മായിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന തെക്കയിൽ, സമദ് അറക്കൽ, നാസർ പുത്തലത്ത്, നുഫൈസ, ഹെഡ്മാസ്റ്റർ മുഹമ്മദ് ഫാറൂഖ്, എ ഇബ്രാഹിം, കെ എം അബ്ദുള്ള, വികെ ഉമ്മുകുൽസു തുടങ്ങിയവർ സംസാരിച്ചു.