✍️റമീസ് പാറാൽ
കണ്ണൂര്‍: കേരള സംസ്ഥാന കൗൺസലിംഗിലൂടെ എം ബി ബി എസ്, ബി ഡി എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ്ട്രി , വെറ്ററിനറി, ഫിഷറീസ്, എൻജിനിയറിങ് , ആർകിടെക് ചർ, ബി. ഫാം എന്നീ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലെ 2024 ലെ പ്രവേശനത്തിന് (KEAM 2024) www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. KEAM വിജ്ഞാപനം 2024 മാർച്ച് അവസാന വാരത്തിൽ പ്രതീക്ഷിക്കാം.
എം ബി ബി എസ്/ ബി ഡി എസ്/ മറ്റ് മെഡിക്കൽ അനുബന്ധ കോഴ് സുകളിലേക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG 2024) റാങ്കിന്‍റെ അടിസ്ഥാനത്തിൽ കേരള
പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന സംസ്ഥാന മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നാണ് കേരളത്തിൽ പ്രവേശനം. മെഡിക്കൽ കോഴ്സുകൾക്ക് അഖിലേന്ത്യാതലത്തിൽ നടത്തുന്ന ഏക പ്രവേശന പരീക്ഷയാണ് നീറ്റ്. വർഷത്തിൽ ഒരു തവണ മാത്രം. കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ മെഡിക്കൽ പ്രവേശനത്തിന് മറ്റ് എൻട്രൻസ് പരീക്ഷകളില്ല.
സംസ്ഥാന കൗൺസലിംഗ് വഴി കേരളത്തിലെ മെഡിക്കൽ കോഴ്സുകളിൽ ഗവ. കോളേജ്, സെൽഫ് ഫൈനാൻസ് കോളേജ് എന്നിവിടങ്ങളിൽ മെറിറ്റ് സീറ്റിന് പ്രവേശനം നേടാനും സെൽഫ് ഫൈനാൻസ് കോളേജിലെ എൻ ആർ ഐ സീറ്റിന് പ്രവേശനം നേടാനും കീമിന് അപേക്ഷ നൽകേണ്ടതാണ്. സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ കീമിന് അപേക്ഷ നൽകുന്ന സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
കേരളത്തിലെ സെൽഫ് ഫൈനാൻസ് മെഡിക്കൽ കോളേജുകളിൽ എൻ ആർ ഐ സീറ്റിൽ പ്രവേശനം തേടാൻ ആഗ്രഹിക്കുന്നവർ എൻ ആർ ഐ കാറ്റഗറിയിലേക്ക് ആവശ്യമായ എംബസി സാക്ഷ്യപ്പെടുത്തിയ ഡോക്യുമെന്റുകൾ അപേക്ഷാ സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം നീറ്റ് റിസൽട്ടിന് ശേഷം എൻ ആർ ഐ സീറ്റിന് ഓപ്ഷൻ നൽകാനാവില്ല.
എം ബി ബി എസ് / ബി ഡി എസ്/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കു പ്രവേശനത്തിന് നീറ്റ് യുജി 2024 ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരമുള്ള യോഗ്യതകൾ നേടണം. അവർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ (KEAM) വെബ്സൈറ്റിലൂടെ അപേക്ഷിക്കുകയും പിന്നീട് നീറ്റ് റിസൽട്ട് വരുമ്പോൾ നീറ്റ് സ്കോർ KEAM വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുകയും വേണം.
കേരളത്തിലെ എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ (KEAM 2024) സ്‌കോറും രണ്ടാം വർഷ യോഗ്യതാ പരീക്ഷയിൽ (പ്ലസ് ടു/ തത്തുല്യം) നിശ്ചിത വിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് മാർക്ക് ഏകീകരണ പ്രക്രിയക്ക് വിധേയമാക്കിയ ശേഷമാകും റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത്.
കേരള ആർകിടെക്ചർ കോഴ്സ് പ്രവേശനം കൗൺസിൽ ഓഫ് ആർകിടെക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർകിടെക്ചർ (നാറ്റ) സ്കോറിനും യോഗ്യതാ പരീക്ഷ (പ്ലസ‌്ടു/ തത്തുല്യം) മാർക്കിനും തുല്യ പ്രാധാന്യം നൽകി സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാകും. അവരും പ്രവേശന പരീക്ഷാ കമീഷണറുടെ വെബ് സൈറ്റിൽ അപേക്ഷിക്കണം . നാറ്റയ്ക്കും അപേക്ഷിച്ച് എഴുതി സ‌്കോർ വരുമ്പോൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ് സൈറ്റിൽ ചേർക്കണം .
കേരള ബിഫാം കോഴ്സിൽ പ്രവേശനത്തിന് യോഗ്യത നേടുന്നതിന് പരീക്ഷാർഥി സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീക്ഷയിലെ പേപ്പർ 1 ( ഫിസിക്സ് & കെമിസ്ട്രി ) എഴുതി പ്രോസ്പെക്ടസിലെ വ്യവസ്ഥകൾ പ്രകാരം ഇൻഡക്‌സ് മാർക്ക് കണക്കാക്കുമ്പോൾ കുറഞ്ഞത് 10 മാർക്ക് നേടണം. പട്ടികജാതി /പട്ടികവർഗ വിദ്യാർഥികൾക്ക് കുറഞ്ഞ ഇൻഡക്സ് മാർക്ക് നിബന്ധനയില്ല.
(ലേഖകൻ കരിയർ കൗൺസലറാണ്. ഫോൺ: 9447709121)