ഭിന്നശേഷി കുട്ടികള്‍ക്ക് ആകാശയാത്ര സാധ്യമാക്കി ഇലാസിയ

News

കോഴിക്കോട്: അവര്‍ക്ക് അത് സ്വപ്‌നം കാണുന്ന പോലൊരു അനുഭവമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും സംഭവിക്കുമെന്ന് കരുതാത്ത കാര്യം. പേരാമ്പ്ര ഇലാസിയയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്പെഷ്യലി ചാലഞ്ച്ഡായ 30 കുട്ടികള്‍ക്കാണ് ആകാശയാത്ര സാധ്യമാക്കിയത്.

കുട്ടികളെ വിവിധ സഞ്ചാരമാര്‍ഗങ്ങള്‍ പരിചയപ്പെടുത്താനും ഈ സാധ്യതകള്‍ മനുഷ്യര്‍ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്ന തിരിച്ചറിവ് നല്‍കാനും യാത്രകളുടെ മനോഹാരിത ആസ്വാദ്യകരമാക്കാനുമാണ് ഇത്തരമൊരു അവസരം ഒരുക്കിയത്.
കഴിഞ്ഞ ആഴ്ച പേരാമ്പ്രയില്‍ നിന്ന് റോഡ് മാര്‍ഗമാണ് യാത്ര ആരംഭിച്ചത്; തുടര്‍ന്ന് കൊച്ചിയിലിറങ്ങി അവിടെ ലുലുമാളും മെട്രോയും ആസ്വദിച്ച ശേഷം തിരികെ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാന മാര്‍ഗം കോഴിക്കോട്ടേക്ക് തിരികെ വരികയായിരുന്നു.

പേരാമ്പ്രയില്‍ സ്ഥിതി ചെയ്യുന്ന ബഡ്സ് സ്‌കൂള്‍, വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ, സാധാരണയെ മറികടന്ന്, പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും തീജ്വാലകള്‍ ജ്വലിപ്പിച്ച 66 അംഗങ്ങള്‍ അടങ്ങിയ ഒരു പരിവര്‍ത്തന യാത്രയാണ് സംഘടിപ്പിച്ചത്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ബൗദ്ധിക വൈകല്യം, ഡൗണ്‍ സിന്‍ഡ്രോം രോഗം തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളാണ് യാത്രയിലുണ്ടായിരുന്നത്.

വിമാനയാത്രയും ലുലുമാളിലെ സന്ദര്‍ശനവുമാണ് കുട്ടികള്‍ ഏറെ ആസ്വദിച്ചതും അത്ഭുതപ്പെടുത്തിയതും. ലുലുവില്‍ നിന്ന് ആലുവയിലേക്കുള്ള ത്രില്ലിംഗ് മെട്രോ റൈഡ് ഉള്‍പ്പെടെ നവ്യാനുഭവമായി. ജീവിതത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ഇതൊരു സ്വപ്‌നയാത്രയായി മാറി. സാമ്പത്തിക പ്രയാസങ്ങളാലും ആരോഗ്യ പ്രശ്നങ്ങളാലും ഒരിക്കല്‍പ്പോലും വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത ഭിന്നശേഷിക്കാരെ ചേര്‍ത്തുപിടിച്ചും ഉയരങ്ങളിലേക്ക് അവരെ കൈപിടിച്ച് ആനയിച്ചും സന്തോഷത്തിന്റെ പ്രകാശം പരത്തുക എന്ന ലക്ഷ്യമാണ് ഇലാസിയ മുന്നോട്ടുവെച്ചത്.

ഡോ. ഫ്രെല്‍ബിന്‍ റഹ്‌മാന്‍ (സിഇഒ എലാസിയ), മിഥുന്‍ ലാജ് (ഡയറക്ടര്‍ എലാസിയ) അമല്‍ ലാജ് (ഡയറക്ടര്‍ എലാസിയ), യു സി ഹനീഫ (പഞ്ചായത്ത് അംഗം), എന്നിവരുള്‍പ്പെടെയുള്ള എലാസിയ ടീമിന്റെ പിന്തുണയാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഈ സ്വപ്‌ന നേട്ടം സാധ്യമാക്കിയത്.