സിംനയെ കൊന്നത് പ്രണയം നിരസിച്ചതിനാല്‍, പ്രതിയുടെ മൊഴി

Kottayam

കോട്ടയം: സിംനയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയതിന് കാരണം പ്രണയം നിരസിച്ചതിലുള്ള പകയെന്ന് പ്രതി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷമാണ് ഷാഹുല്‍ അലിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം സംഭവിച്ച ആശുപത്രിയിലും കത്തിവാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തശേഷം പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

കൊല്ലപ്പെട്ട സിംനയോട് ഷാഹുല്‍ അലി പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി അതെല്ലാം നിരസിച്ചു. പിന്നീട് യുവതിക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയമുണ്ടായതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ നല്‍കിയ മൊഴി. ഞായറാഴ്ച്ച സിംനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. സിംന ആശുപത്രിയിലെത്തിയെന്ന് ഉറപ്പായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൊലപ്പെടുത്തിയതെങ്ങനെയെന്നും രക്ഷപ്പെട്ട രീതിയുമൊക്കെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തപ്പോള്‍ ഷാഹുല്‍ അലി പൊലീസിനോട് വിവരിച്ചിട്ടുണ്ട്. സിംനയെ കുത്താനുപയോഗിച്ച കത്തി വാങ്ങിയ കടയിലും വാഹനം പാര്‍ക്കുചെയ്ത സ്ഥലത്തുമെല്ലാം പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു.