ജലന്ധര്‍: ജന്മദിനാഘോഷത്തിനിടെ 10 വയസുകാരിയുടെ ജീവനെടുത്തത് ആഘോഷത്തിനനായ കെണ്ടുവന്ന കേക്കാണെന്ന് സ്ഥിരീകരണം. കേക്ക് പരിശോധിച്ചപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജന്മദിനത്തില്‍ കേക്ക് കഴിച്ചതിന് പിന്നാലെ പത്ത് വയസുകാരി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മാര്‍ച്ച് 24നായിരുന്നു സംഭവം നടന്നത്.
കേക്കില്‍ മധുരം കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന രാസവസ്തു അമിതമായി ചേര്‍ത്തതാണ് മരണ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബേക്കറിയില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കേക്കാണ് പെണ്‍കുട്ടിയുടെ ജീവനെടുത്തത്.
പഞ്ചാബ് സ്വദേശിയായ പത്ത് വയസുകാരി മാന്‍വിക്കാണ് തന്റെ ജന്മദിനത്തില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ചോക്കലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ വീട്ടിലെ എല്ലാവര്‍ക്കും ശാരീരിക അവശതകളുണ്ടായിരുന്നു. പാട്യാലയിലെ കേക്ക് കന്‍ഹ എന്ന കടയില്‍ നിന്നാണ് ഓണ്‍ലൈനായി കുടുംബം കേക്ക് ഓര്‍ഡര്‍ ചെയ്തിരുന്നത്. മരണത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് മാന്‍വി കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിക്കുന്നതും ആഘോഷിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നൊമ്പരപ്പെടുത്തുന്ന വീഡിയോയായി.
കേക്ക് കഴിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കുടുംബത്തിലെ എല്ലാവര്‍ക്കും ശാരീരിക അവശതകളുണ്ടായി. മാന്‍വിയും ഇളയ സഹോദരിയും ഛര്‍ദ്ദിക്കുകയും വായില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ മാന്‍വി ബോധരഹിതയായി. വീട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കേക്കിന്റെ അവശിഷ്ടം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മധുരം ലഭിക്കാനായി ചേര്‍ക്കുന്ന കൃത്രിമ രാസവസ്തുവായ സാക്കറിന്‍ അമിത അളവില്‍ കേക്കില്‍ ചേര്‍ന്നിരുന്നതായി കണ്ടെത്തി. ഭക്ഷണങ്ങളിലും പാനീയങ്ങളിലും ചെറിയ അളവില്‍ സാക്കറിന്‍ ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ അളവ് കൂടുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് വളരെ വേഗത്തില്‍ കൂടാന്‍ ഇടയാക്കും.