ദുബൈ: രണ്ടാം ലോക യുദ്ധകാലത്തെ ജൂതകൂട്ടക്കൊലയായ ഹോളോകാസ്റ്റ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ യു എ ഇ തീരുമാനം. അമേരിക്കയിലെ യു എ ഇ എംബസിയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. ഇസ്രായേലുമായി യു എ ഇ ബന്ധം ശക്തിപ്പെടുത്തിയ അബ്രഹാം കരാറിന്റെ തുടര്‍ച്ചയെന്ന നിലക്കാണ് ഹോളോകാസ്റ്റ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2020 സെപ്റ്റംബറിലാണ് യു എ ഇയും ഇസ്രായേലും തമ്മില്‍ അബ്രഹാം കരാറില്‍ ഒപ്പുവെച്ചത്. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി തലവന്‍ ഡോ. അലി റാശിദ് അല്‍ നുഐമിയെ ഉദ്ധരിച്ചാണ് ട്വിറ്ററില്‍ വാര്‍ത്ത വന്നത്.
പ്രൈമറി, സെക്കന്ററി ക്ലാസുകളിലാണ് രണ്ടാം ലോകയുദ്ധ കാലത്തെ ജൂതകൂട്ടക്കൊല പഠിപ്പിക്കുക. ജറൂസലമിലെ ഇസ്രായേലിന്റെ ഔദ്യോഗിക ഹോളോകാസ്റ്റ് അനുസ്മരണ സ്ഥാപനമായ യാദ് വാഷെമുമായി സഹകരിച്ചാണ് പഠനങ്ങളുടെ ഉള്ളടക്കം വികസിപ്പിക്കുക. യു എ ഇയുടെ തീരുമാനത്തെ യു എസിന്റെ പ്രത്യേക ദൂതന്‍ ഡെബോറ ഇ ലിപ്സ്റ്റാഡ് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോള്‍ ജറൂസലമിലെ ഹോളോകാസ്റ്റ് മെമ്മോറിയല്‍ യാദ് വാഷെ സന്ദര്‍ശിച്ചിരുന്നു.